
Web Desk
അശ്ലീല ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെൺകുട്ടി ജീവനൊടുക്കി. പശ്ചിമബംഗാലിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനാലുകാരിയായ പെൺകുട്ടി ഞായറാഴ്ച വൈകീട്ടാണ് ജീവനൊടുക്കിയത്.ബനാർഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ധൂപുഗിരിയിലുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. യുവാവ് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി സമ്മർദ്ദം ചെലുത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
ചിത്രങ്ങൾ അയക്കാൻ പെൺകുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഈ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. പ്രണയബന്ധത്തിൽ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതോടെയാണ് കുട്ടി കടുംകൈ ചെയ്തതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പതിനാലുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. യുവാവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം യുവാവിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവും രംഗത്തെത്തിയിട്ടുണ്ട്.