
newsdesk
കോന്നി∙ റീജനൽ സർവീസ് സഹകരണ ബാങ്കിൽ (ആർസിബി) നിക്ഷേപിച്ച 11 ലക്ഷം രൂപ തിരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് ബാങ്കിനു മുൻപിൽ സമരം നടത്തിയ പയ്യനാമൺ താവളപ്പാറ ആനന്ദഭവനം പി.ആനന്ദൻ തളർന്നു വീണു. ഇന്നലെ രാവിലെ 10.45നാണ് സംഭവം. സമരത്തിന്റെ ഭാഗമായി ആനന്ദനും കുടുംബവും രാവിലെ തന്നെ ബാങ്കിനു മുൻപിൽ എത്തിയിരുന്നു. ജീവനക്കാർ ഓഫിസിലേക്ക് കയറുന്ന വാതിലിന്റെ ഷട്ടർ തുറക്കാൻ സമ്മതിക്കാതെയാണ് സമരം നടത്തിയത്. വിവരമറിഞ്ഞ് എസ്ഐ വിമൽ രംഗനാഥിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഏറെ സമയം ആനന്ദനുമായി ചർച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഒടുവിൽ രക്തസമ്മർദം കൂടി തളർന്നു വീണ ആനന്ദനെ പൊലീസിന്റെ നേതൃത്വത്തിൽ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റിയെങ്കിലും ആശുപത്രിയിലേക്കു പോകാൻ തയാറായില്ല. പിന്നീട് ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ റോഡിലേക്ക് വീണു. അവിടെ നിന്ന് എഴുന്നേറ്റ് ബാങ്കിനു മുൻപിൽ കസേരയിൽ ഇരുന്ന ആനന്ദനെ വീട്ടുകാർ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടർ വിശ്രമം നിർദേശിച്ചതോടെ സമരം തുടരാനാകാതെ വീട്ടിലേക്കു പോകുകയായിരുന്നു.