newsdesk
കോഴിക്കോട്: മാമിയെ കാണാതായത് മുതൽ പൊലീസ് വേട്ടയാടുകയാണെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഡ്രൈവർ രജിത് കുമാർ. റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറാണ് രജിത് കുമാർ. കേസിൽ അന്വേഷണം പുരോഗമിക്കെ രജിത്തിനെയും ഭാര്യയെയും കാണാതായിരുന്നു. തുടർന്ന് ഇവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ദിവസേന പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്ന് രജിത് പറഞ്ഞു. വേറെ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. രാവിലെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് പൊലീസുകാർ വീട്ടിലെത്താറുണ്ട്. അന്ന് ഞങ്ങളെ വിളിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിറ്റേദിവസം പുലർച്ചെ മൂന്നരയ്ക്കാണ് വിട്ടത്. ലോക്കൽ പൊലീസ് അത്രയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മൂന്ന് നാല് തവണ വിളിച്ചിച്ചു. മാമിയെ കാണാതായത് മുതൽ പൊലീസ് വേട്ടയാടുകയാണ്’- രജിത് പറഞ്ഞു.2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.