മഴക്കാലം ഉത്സവമാക്കാൻ മലബാര്‍ റിവര്‍ ഫെസ്റ്റിവൽ ഒരുങ്ങുന്നു ; പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റ്; സംഘാടക സമിതിയായി

കോടഞ്ചേരി: ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് 2025 പതിനൊന്നാം പതിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ജൂലൈ 24 ന് ഇന്ത്യന്‍ നാഷണല്‍സിന് വേണ്ടിയുള്ള ദേശീയ സെലെക്ഷനും ട്രയല്‍സും 25, 26, 27 തീയതികളില്‍ കയാക്കിങ് മത്സരവും നടത്തും.

ഫെസ്റ്റില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വലിയ രീതിയിലുള്ള പ്രചാരണം നടത്തണമെന്നും ഫെസ്റ്റില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ എട്ട് ഗ്രാമ പഞ്ചായത്തിലും മുക്കം മുന്‍സിപ്പാലിറ്റിയിലും വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ ആറിന് കോടഞ്ചേരിയില്‍ സബ് കമ്മിറ്റി യോഗം ചേരും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ഫെസ്റ്റിന്റെ മുഖ്യ രക്ഷാധികാരികളാകും. പ്രിയങ്ക ഗാന്ധി എം പി, എംഎല്‍എമാരായ ലിന്റോ ജോസഫ് , ടിപി രാമകൃഷ്ണന്‍, എം കെ മുനീര്‍, പി ടി എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍, ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ് തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരായുമുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.

യോഗത്തില്‍ കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി,കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ഡി ഡി സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!