കുന്നമംഗലം ∙ പെരിങ്ങൊളം–സിഡബ്ല്യുആർഡിഎം റോഡിൽ പിന്നോട്ടുരുണ്ട ലോറിക്കടിയിൽനിന്ന് യുവതിക്ക് അദ്ഭുതരക്ഷ

കുന്നമംഗലം ∙ പെരിങ്ങൊളം–സിഡബ്ല്യുആർഡിഎം റോഡിൽ പിറകോട്ടു നീങ്ങിയ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരി ഒഴയാടി സ്വദേശി അശ്വതി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ. ഇന്നലെ രാവിലെ ഏഴേകാലോടെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഗേറ്റിന് സമീപം കയറ്റത്തിലാണു സംഭവം.

കട്ട കയറ്റി പോകുകയായിരുന്ന ലോറിയുടെ പിറകിൽ കോട്ടാംപറമ്പ് ഭാഗത്ത് ട്യൂഷൻ സെന്ററിലേക്കു സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഒഴയാടി സ്വദേശി അശ്വതി. കയറ്റം കയറുന്നതിനിടെ നിന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ടു നീങ്ങുകയായിരുന്നു എന്നാണു കരുതുന്നത്. ലോറി പിറകോട്ടു നീങ്ങിയതു ശ്രദ്ധയിൽ പെട്ടതോടെ സ്കൂട്ടർ യാത്രക്കാരി വാഹനം പിന്നോട്ട് എടുത്തു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിമിഷ നേരം ലോറി സ്കൂട്ടറിൽ ഇടിക്കുകയും പ്രാണരക്ഷാർഥം റോഡിന്റെ വലതു വശത്തേക്ക് ചാടുകയായിരുന്നു.

നിലത്തു വീണു ശേഷവും ലോറി വീണ്ടും നിരങ്ങി നീങ്ങുന്നതു ശ്രദ്ധയിൽപെട്ടതോടെ മനഃസാന്നിധ്യം കൈവിടാതെ കാൽ മടക്കി വച്ചതു കൊണ്ടാണ് രക്ഷപ്പെട്ടത്. നിലത്തു വീണ അശ്വതിയുടെ കൈക്കും മറ്റും പരുക്കേറ്റിട്ടുണ്ട്. ഈ സമയം റോഡിലൂടെ മറ്റു വാഹനങ്ങൾ എത്താത്തതും തുണയായി. ലോറിക്കടിയിൽ പെട്ട സ്കൂട്ടർ തകർന്നു. പിറകോട്ട് നീങ്ങിയ ലോറി 50 മീറ്ററോളം സഞ്ചരിച്ച് റോഡരികിലെ മരത്തിൽ ഇടിച്ചു നിന്നു.

ലോറിയിൽ ഡ്രൈവറും ലോഡിങ് ജീവനക്കാരും ഉണ്ടായിരുന്നു. മുഴുവൻ സമയവും തിരക്കേറിയ റോഡിൽ അപകടം സംഭവിക്കുമ്പോൾ പിറകിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് മൂലമാണു വൻ ദുരന്തം ഒഴിവായത്. തൊട്ടടുത്ത് നഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.

error: Content is protected !!