കൂമ്പാറയിൽ ബൈക്ക് അപകടം: ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

കൂടരഞ്ഞി:മലയോര ഹൈവേയിൽ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻപീടിക പി.പി മൊയ്തീന്റെ മകൻ മുനീബ്(32) ആണ് മരിച്ചത്. സഹയാത്രികൻ കാവനൂർ സ്വദേശിയായ മുഹമ്മദ് അനീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മുനീബിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് മരിച്ചത്.

2023 നവംബർ 9 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്നു വിദ്യാർഥികൾ. ആനക്കല്ലുംപാറ വളവിൽവെച്ച് സ്‌കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു.

error: Content is protected !!