
newsdesk
കട്ടാങ്ങൽ ∙ ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട വിവാദ അധ്യാപിക പ്രഫ.ഷൈജ ആണ്ടവനെ ഡീൻ ആയി നിയമിച്ചതിന് എതിരെ എൻഐടിയിലേക്കു കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ആദ്യം ഉന്തും തള്ളും ഉണ്ടായി. പിന്നീട്, പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ആയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗങ്ങളായ എ.കെ.ജാനിബ്, അർജുൻ പൂനത്ത് അടക്കം 7 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി വാക്കേറ്റം നടന്നു.
പിന്നീട് പൊലീസിനെ അസഭ്യം പറഞ്ഞു എന്ന് ആരോപിച്ച് പൊലീസ് ലാത്തി വീശുകയും ആയിരുന്നു. പ്രവർത്തകരെ വലിച്ചിഴച്ചാണു പൊലീസ് വാഹനത്തിൽ കയറ്റിയതെന്നു പ്രവർത്തകർ ആരോപിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, എം.പി.രാഗിൻ എന്നീ പ്രവർത്തകർക്കു പരുക്കുണ്ട്. പരുക്കേറ്റ പ്രവർത്തകർക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് എം.കെ.രാഘവൻ എംപിയും എൻഎസ്യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്തും സ്റ്റേഷനിൽ കുത്തിയിരിപ്പു നടത്തി. പിന്നീട്, ഇൻസ്പെക്ടറുമായി ചർച്ച നടത്തി പ്രവർത്തകരെ ജാമ്യത്തിൽ വിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.