പന്തീർപാടത്ത് ‘ജലസ്ഫോടനം’; 10 മീറ്ററോളം ഉയരത്തിൽ വരെ വെള്ളം ചീറ്റിയെത്തി;ഒരു മണിക്കൂറിന് ശേഷമാണ് വെള്ളം ഒഴുകുന്നത് നിയന്ത്രിക്കാനായത്

കുന്നമംഗലം ∙ ദേശീയപാതയിൽ പന്തീർപാടം ജംക്‌ഷനിൽ ജലജീവൻ മിഷൻ ജലവിതരണ പൈപ്പ് പൊട്ടിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കി. 10 മീറ്ററോളം ഉയരത്തിൽ വരെ വെള്ളം ചീറ്റിയെത്തി. ഇന്നലെ വൈകിട്ട് ആറിന് ജംക്‌ഷനിൽ നൊച്ചിപ്പൊയിൽ റോഡിനോട് ചേർന്ന ദേശീയപാതയുടെ ഭാഗത്താണ് പൈപ്പ് പൊട്ടൽ. ചെറിയ തോതിൽ തുടങ്ങിയ വെള്ളമൊഴുക്ക് പെട്ടെന്ന് ശക്തിപ്രാപിക്കുകയായിരുന്നു. തിരക്കേറിയ സമയത്ത് പൈപ്പ് പൊട്ടിയത് ദേശീയപാതയിൽ ഇരുവശത്തും ഗതാഗത കുരുക്കിനും കാരണമായി. ആമ്പ്രമ്മൽ ഭാഗത്ത് ജലസംഭരണിയിൽ നിന്നു വിവിധ ഭാഗങ്ങളിലെ വിതരണ ലൈനുകളിൽ വെള്ളം എത്തിക്കുന്ന 10 ഇഞ്ച് വിതരണ ലൈനാണ് പൊട്ടിയത്.

10 ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള ആമ്പ്രമ്മൽ ജലസംഭരണിയിൽ നിന്നുള്ള പ്രധാന വിതരണ ലൈനിൽ നേരത്തെയും ഇത്തരത്തിൽ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയും റോഡ് തകർന്ന് കുഴി രൂപപ്പെടുകയും ചെയ്തിരുന്നു. വാൽവിലെ തകരാർ മൂലം വിതരണ ലൈനിലെ സമ്മർദം ക്രമീകരിക്കുന്നതിനു കഴിയാത്തതാണ് പലപ്പോഴും ഇത്തരത്തിൽ പൈപ്പ് ലൈനിൽ പൊട്ടലിന് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ ലോട്ടറി കടയിലേക്ക് വെള്ളം തെറിച്ച് ലോട്ടറികൾ നശിച്ചു. ജലസംഭരണിയുടെ വാൽവ് അടച്ച ശേഷം ഒരു മണിക്കൂറിന് ശേഷമാണ് വെള്ളം ഒഴുകുന്നത് നിയന്ത്രിക്കാനായത്.

error: Content is protected !!