
NEWSDESK
തിരുവമ്പാടി∙ നിർദിഷ്ട കെഎസ്ആർടിസി ഡിപ്പോ റോഡിന് ഇനി എന്നു ശാപമോക്ഷം കിട്ടും എന്ന ആശങ്കയിലാണ് ജനങ്ങൾ. തിരുവമ്പാടി –പുല്ലൂരാംപാറ റോഡിൽ നിന്ന് മൃഗാശുപത്രിയുടെ സമീപത്തുകൂടി നിർദിഷ്ട കെഎസ്ആർടിസി ഡിപ്പോ സ്ഥലത്തേക്കാണ് ഈ റോഡ്. എന്നാൽ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് റോഡിന്റെ ഗതി മാറ്റി പുതിയ റോഡ് നിർമിക്കാൻ അധികൃതർ തുടങ്ങിയതോടെ ജനങ്ങളുടെ ദുരിതം ആരംഭിച്ചു.
സർക്കാർ മൃഗാശുപത്രി, സർക്കാർ ഹോമിയോ ആശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് ഉപയോഗിച്ചിരുന്ന റോഡാണ് ഗതിമാറ്റം വരുത്തിയത്. ഈ പ്രദേശത്തുള്ള നൂറുകണക്കിന് വീട്ടുകാരുടെ സഞ്ചാരമാർഗവുമായിരുന്നു ഈ റോഡ്. എന്നാൽ നിലവിലുള്ള പഞ്ചായത്ത് റോഡ് വീതി കൂട്ടുന്നതിനു പകരം റോഡിന്റെ തുടക്കത്തിൽ നിന്ന് 150 മീറ്ററോളം കഴിഞ്ഞപ്പോൾ വലതു വശത്തേക്ക് മാറ്റി റോഡിന് പുതിയ അലൈൻമെന്റ് ഉണ്ടാക്കിയതാണ് വിനയായത്. ഇവിടെ മുതൽ പുതിയ റോഡ് നിർമിക്കേണ്ടി വന്നു
റോഡിന്റെ തുടക്കം മുതൽ 150 മീറ്ററോളം ദൂരത്തിൽ 2 ഘട്ടങ്ങളിലായി 70 ലക്ഷത്തോളം ചെലവിട്ട് നവീകരണം നടത്തി. ഇവിടെ റോഡിന് വീതി കൂട്ടുകയും ഒരു വശത്ത് സംരക്ഷണ ഭിത്തി കെട്ടുകയും ചെയ്തു. ഇവിടെ ഇനി റോഡ് ലെവലിങ് നടത്തി ടാറിങ് നടത്തണം. അലൈൻമെന്റ് മാറ്റിയ ഭാഗത്തിന്റെ ഒരു വശം മുഴുവൻ പഴയ വയൽ ആയതിനാൽ നിർമാണം ഏറെ ക്ലേശകരമായി. റോഡ് നവീകരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. അത് ഉപയോഗിച്ച് 685 മീറ്റർ സംരക്ഷണ ഭിത്തി നിർമിച്ച് മണ്ണ് നിറച്ചു. എന്നാൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാകണമെങ്കിൽ വീണ്ടും ഫണ്ട് ലഭിക്കണം.
പഞ്ചായത്തിന്റെ മെയ്ന്റനൻസ് ഗ്രാന്റ് ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ, പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ചതിനാൽ ഇത് 50 ലക്ഷത്തിൽ താഴെയായി പരിമിതപ്പെടുത്തി. ഈ ഫണ്ട് ഉപയോഗിച്ച് ഇപ്പോഴത്തെ നിർമാണത്തിന് മുകളിൽ സംരക്ഷണ ഭിത്തി കെട്ടി മണ്ണ് നിറയ്ക്കാനാകും. ഓട നിർമാണം, ടാറിങ് എന്നിവയ്ക്ക് വീണ്ടും ഫണ്ട് കണ്ടെത്തണം.