ഡീപ് ഫേക് ഉപയോഗിച്ച് പണം തട്ടിപ്പ്:2 പേരെ കൂടി കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്∙ സംസ്ഥാനത്തു ആദ്യമായി നിർമിത ബുദ്ധിയിൽ ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ചു കോഴിക്കോട് സ്വദേശിയുടെ പണം തട്ടിപ്പു നടത്തിയ സംഘത്തിലെ 2 പേരെ കൂടി കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ചൂതാട്ട സംഘത്തിലെ അംറിഷ് അശോക് പാട്ടീൽ (40), സിദ്ധേഷ് ആനന്ദ് കർവെ (42) എന്നിവരെയാണ് ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ നിന്നു സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും സിറ്റി സൈബർ പൊലീസും ചേർന്നു അറസ്റ്റ് ചെയ്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ നവംബറിൽ ഗുജറാത്ത് മെഹസേന സ്വദേശി ഷേഖ് മുർത്തു സാമിയ ഹയത്ത് ഭായി (52) നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രധാന പ്രതി കൗശൽ ഷായെ കൂടാതെ 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു സൈബർ പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് പറഞ്ഞു.

തട്ടിപ്പിനു ആവശ്യമായ സിം കാർഡുകളും വ്യാജ വാട്‌സാപ് അക്കൗണ്ടുകളും നിർമിക്കുന്നതിനാവശ്യമായ സഹായം ചെയ്യുന്നവരാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 9ന് ആണ് കോഴിക്കോട് പാലാഴി സ്വദേശിയെ സുഹൃത്തിന്റെ ശബ്ദവും വിഡിയോയിലും നിർമിത ബുദ്ധിയിൽ നിർമിച്ചു 40,000 രൂപ തട്ടിയെടുത്തത്.

error: Content is protected !!