ജില്ലയിൽ നടുറോഡിലെ ‘വാഹനാഭ്യാസം’ 5 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു;കൊടുവള്ളിയിൽ ബൈക്ക് ഓടിച്ചത് 9 വയസ്സുകാരൻ;എരഞ്ഞിപ്പാലം ബൈപാസിൽ ഇരുചക്രവാഹനത്തിൽ അഭ്യാസ പ്രകടനം

കോഴിക്കോട് ∙ ഗതാഗത നിയമലംഘനം നടത്തിയതിനും അപകടകരമാം വിധം വാഹനം ഓടിച്ചതിനും മോട്ടർ വാഹന എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക നടപടി. വിവിധ കേസുകളിലായി 5 യുവാക്കളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. 2 കേസുകളിൽ നടപടിക്കായി കോടതിയിൽ റിപ്പോർട്ട് നൽകി.

22ന് രാത്രി അരയിടത്തുപാലം –എരഞ്ഞിപ്പാലം ബൈപാസിൽ ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തിയതിനു 3 പേരെ മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പിടികൂടി. റിത്വിക് എസ്.സിരേഷ്, എം.വിജയ് വിജിത്ത്, കെ.മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു.

കൊടുവള്ളിയിൽ നിന്നു കോഴിക്കോട്ടേക്കു 9 വയസ്സുകാരനെ കൊണ്ടു ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ തുടർ നടപടിക്കായി ആർടിഒ നടപടിയെടുക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി.കുട്ടി ബൈക്ക് ഓടിച്ചു വരുന്നത് എഐ ക്യാമറയിൽ പതിഞ്ഞിരുന്നു. കുട്ടിക്കെതിരെ ജുവൈനൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരെ മജിസ്ട്രേട്ട് കോടതിയിലുമാണ് റിപ്പോർട്ട് നൽകിയത്. എംവിഐമാരായ ടി.കെ.സുരേഷ്ബാബു, എം.കെ.പ്രജീഷ് എന്നിവരാണ് ബൈക്ക് ഓടിച്ചവരെ കണ്ടെത്തിയത്.

റോഡിൽ മദ്യപിച്ചും അമിത വേഗത്തിലും വാഹനം ഓടിച്ചതിനു മുഹമ്മദ് ഫൈസൽ, നിതിൻ എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉള്ളിയേരിയിൽ കാർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബസ് ഡ്രൈവർ റിമാൻഡ് കാലാവധി കഴിഞ്ഞു പുറത്തു വന്നാൽ തുടർ നടപടിയെടുക്കുമെന്നു എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.

error: Content is protected !!