
Local News
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.രോഗികൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന കൂടരഞ്ഞിയിൽ ഡിസിസി രൂപീകരിക്കാതെയും അത്യാവശ്യ സൗകര്യങ്ങളൊരുക്കാതെയും , താൽക്കാലിക ജീവനക്കാരെ പോലും നിയമിക്കാതെയും ഭരണ സമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണന്നും ആരോഗ്യ പ്രവർത്തകർക്കാവശ്യമായ സൗകര്യങ്ങൾ പോലുംനൽകുന്നില്ലന്നും ജനങ്ങളെയും, ആരോഗ്യ പ്രവർത്തകരെയും, കഷ്ടത്തിലാക്കുന്ന ജനവിരുദ്ധ നിലപാട് അടിയന്തരമായി അവസാനിപ്പിച്ച് ഡിസിസി ഉൾപ്പെടെ ആരംഭിക്കുന്നതിനും ആംബുലൻസ് സർവീസ് ആരംഭിക്കുന്നതിനും പഞ്ചായത്തധികൃതർ തയ്യാറാവണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഡാറ്റാ എൻട്രി ചെയ്യാൻ ജീവനക്കാരെ നിയോഗിക്കുക, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഹെൽത്ത് സെൻററിൽ ഉണ്ടാകുന്ന അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഒ പി യുടെ മുകൾനിലയിൽ പണിപൂർത്തീകരിച്ചുട്ടുള്ള ഹാളിൽ വാക്സിനേഷൻ സൗകര്യമൊരുക്കുക, ഹോം ഐസലേഷനിൽ കഴിയുന്ന രോഗികളുടെ വീടുകളിലെ സൗകര്യങ്ങൾ പരിശോധിച്ച് സൗകര്യമില്ലാത്ത രോഗികളെ അടിയന്തരമായി ഡിസിസിയിൽ പ്രവേശിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യുഡിഎഫ് ഉന്നയിച്ചു. സമരം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസ് മടപള്ളി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി അധ്യക്ഷനായി. കൺവീനർ സിബു തോട്ടത്തിൽ വി പി നസീർ, എൻ ഐ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.