
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ആഭരണവിപണിയെ അമ്പരപ്പിച്ച് ഇന്ന് പവന് 3,760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,080 രൂപയായി താഴ്ന്നു. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ ഏകദിന വിലയിടിവുകളിലൊന്നാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. അതിനുപിന്നാലെ വിലയിലുണ്ടായ തുടർച്ചയായ ഇടിവ് സ്വർണവിപണിയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്നത്തെ വൻ വിലക്കുറവോടെ സ്വർണവില 92,000 രൂപയുടെ നിലവാരത്തിലേക്ക് താഴ്ന്നു.
റെക്കോർഡ് ഉയരത്തിൽനിന്ന് താഴേക്കുള്ള വിലയിറക്കം ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവെക്കുന്നവരുമുണ്ട്. അതേസമയം, നിലവിലെ വിലയിടിവ് വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് നിരക്ക്. ഈ ഉയർന്ന നിലവാരത്തിൽനിന്ന് വലിയൊരു തകർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഡിസംബർ 23നാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.