
newsdesk
മുക്കം∙ കെഎസ്ആർടിസി ബസുകൾ 3 എണ്ണമായിരുന്നു കൊടിയത്തൂരിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഒരെണ്ണം പോലും ഇല്ല. സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് നിവാസികളോടും കെഎസ്ആർടിസിക്ക് അവഗണനയാണ്. ഏറെക്കാലമായി ഇവിടേക്കുളള സർവീസുകളുടെ കാര്യം തോന്നിയ പോലെയാണ്. വന്നാൽ വന്നു എന്ന അവസ്ഥ. കുറച്ചു നാൾ സർവീസ് നടത്തിയാൽ പിന്നെ കുറച്ചു നാളത്തേക്ക് ഉണ്ടാകില്ല. ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള മേഖലയാണ് പാറത്തോട്. സ്വകാര്യ ബസുകൾ തീരെയില്ല.
കോഴിക്കോട് –തോട്ടുമുക്കം സർവീസുകളാണ് ഇടക്കിടെ നിലയ്ക്കുന്നത്. ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. അല്ലെങ്കിൽ കാൽനട തന്നെ ശരണം. വിദ്യാർഥികൾക്കും ഇതേ അവസ്ഥ തന്നെ. സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമര പരിപാടികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചു. ആദ്യപടിയായി ജനകീയ ഒപ്പു ശേഖരണം നടത്തി മന്ത്രിക്കും മറ്റും നിവേദനം സമർപ്പിച്ചു.
കൊടിയത്തൂർ –കോഴിക്കോട് സർവീസ് നിലച്ചിട്ട് വർഷങ്ങളായി. പുലർച്ചെ 5ന് കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ നിന്നു പുറപ്പെട്ടിരുന്ന ബസ് കോഴിക്കോട്ട് എത്തി ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കോഴിക്കോട്ടു നിന്ന് കൊടിയത്തൂരിലേക്ക് രാത്രി 10.30 ന് പുറപ്പെട്ടിരുന്ന അവസാന ട്രിപ്പും നൂറ് കണക്കിന് യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. ഇതിന് പുറമെയുള്ള 2 സർവീസുകളും കൂടി കോവിഡിന് മുമ്പ് നിലച്ചതാണ്.