NEWSDESK
കൊച്ചി: വമ്പൻ ഹിറ്റായി കൊച്ചി കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഷീ ലോഡ്ജ്. ആരംഭിച്ച് 9 മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് ലോഡ്ജിന്‍റെ ലാഭം. കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും നൽകുന്നതാണ് ഷീ ലോഡ്ജിന്‍റെ പ്രത്യേകത. മൂന്ന് നിലകളിലായി 3 ഡോർമെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ഡബിള്‍ റൂമുകള്‍.
ഒരേ സമയം 192 പേർക്ക് താമസിക്കാം. വാടകയും തുച്ഛം. ഡോർമെട്ടറിക്ക് 100 രൂപ, സിംഗിള്‍ റൂമിന് 200, ഡബിള്‍ റൂമിന് 350 രൂപ എന്നിങ്ങനെയാണ് ദിവസ വാടക. നിരക്ക് കുറവാണെങ്കിലും സൗകര്യങ്ങള്‍ക്ക് ഒരു കുറവുമില്ല. സുരക്ഷിതത്വവും ഉറപ്പാണ്. ഷീ ലോഡ്ജിന്റെ സൌകര്യങ്ങളിൽ ഇവിടെ താമസിക്കുന്നവരും ഹാപ്പിയാണ്. ജീവനക്കാരും വിദ്യാർത്ഥിനികളും അടക്കമുള്ളവർ ഷീ ലോഡ്ജിന്റെ സേവനം ലഭ്യമാക്കുന്നവരിലുണ്ട്. സോളാർ എനർജിയിലാണ് ലോഡ്ജിന്‍റ പ്രവർത്തനം. ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.
റെയിൽ വേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമെല്ലാം അടുത്തുള്ളതിനാൽ യാത്രയും എളുപ്പം. സുരക്ഷാ ജീവനക്കാരുള്‍പ്പടെ 8 പേരുടെ സേവനവും ഇവിടെയുണ്ട്. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. 20 രൂപ മുതൽ ഭക്ഷണം ലഭിക്കുന്ന കോർപ്പറേഷന്‍റെ സമൃദ്ധി ഹോട്ടലും ഒപ്പമുള്ളതിനാൽ ഭക്ഷണത്തിന്‍റെ കാര്യത്തിലും ടെൻഷൻ വേണ്ട. ചുരുക്കത്തിൽ കൊച്ചി പരമാര റോഡിലെ ഷീ ലോഡ്ജ് സുരക്ഷിതവും ബഡ്ജറ്റ് ഫ്രണ്ട്ലിയുമാണ്. കുറഞ്ഞ സമയത്തിൽ വിജയം നേടിയതിന്‍റെ രഹസ്യവും അത് തന്നെയാണ്.