ഐഎസ്എഎൽ പതിനൊന്നാം സീസണ് നാളെ തുടക്കം, ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

മുംബൈ:ഐ എസ് എൽ പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിൻറെ ആവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം.ചാമ്പ്യൻമാരായ മുംബൈ സിറ്റി ആധിപത്യം തുടരാനാണ് മോഹൻ ബഗാനെതിരെ ഇറങ്ങുന്നത്. അതേസമയം, കിരീടപ്പോരിലെ തോൽവിക്ക് ഇതേവേദിയിൽ പകരം വീട്ടാനാണ് മോഹൻ ബഗാൻ ശ്രമിക്കുക.

പതിറ്റാണ്ടിൻറെ തഴക്കവും പഴക്കവുമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണ് കിക്കോഫാകുന്നത്. ഐഎസ്എൽ പതിനൊന്നാം സീസണിൽ കിരീടം ലക്ഷ്യമിട്ട് പൊരുതുന്നത് 13 ടീമുകൾ. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിംഗാണ് നവാഗതർ. ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാർഡ് നൽകിയതിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്.

ആദ്യകിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും കിരീടം വീണ്ടെടുക്കാൻ പൊരുതുന്ന മോഹൻ ബഗാനും ഇറങ്ങുന്നത് പുതിയ പരിശീലകരുടെ തന്ത്രങ്ങളുമായി. ഇവാൻ വുകോമനോവിച്ചിൻറെ പകരക്കാരൻ മൈക്കൽ സ്റ്റാറേയിലും പുതിയ താരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേറെ. ഹൊസെ മൊളീന മോഹൻ ബഗാൻ പരിശീലകനായി തിരിച്ചെത്തുമ്പോൾ പഞ്ചാബിന് തന്ത്രമോതാൻ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ഈ മൂന്ന് ടീമുകൾ മാത്രമാണ് ഇത്തവണ പുതിയ പരിശീലകർക്ക് കീഴിൽ ഇറങ്ങുന്നത്. ജംഷെഡ്പൂർ പരിശീലകൻ ഖാലിദ് ജമീലാണ് ലീഗിലെ ഏക ഇന്ത്യൻ മുഖ്യ പരിശീലകൻ.

നിരവധി താരങ്ങൾ കൂടുമാറ്റം നടത്തിയ സീസണിൽ ശ്രദ്ധാകേന്ദ്രം മോഹൻ ബഗാൻ താരം ജെയ്മി മക്ലാരനാണ്. ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും വലിയ ടോപ് സ്കോററാണ് മക്ലാരൻ. മുൻ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി പെട്രാറ്റോസ് ആയിരിക്കും ബഗാനിൽ മക്ലാരിൻറെ സ്ട്രൈക്കിംഗ് പങ്കാളി. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നെത്തുന്ന ജോൺ ടോറലാണ് മുംബൈ സിറ്റി എഫ് സിയുടെ ശ്രദ്ധേയനാകുന്ന താരം. പ്രഫഷണൽ ഫുട്ബോളിൽ ഇതിഹാസതാരം സുനിൽ ഛേത്രിയുടെ അവസാന സീസൺ കൂടിയായിരിക്കും ഇതെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!