12ന് അഖിലേന്ത്യ പണിമുടക്ക്‌ ; കേരളത്തിൽ സമ്പൂർണമാകും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഫെബ്രുവരി 12 ന്‌ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും. തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകി. പത്രമാധ്യമ ജീവനക്കാർ പണിമുടക്കിൽ അണിനിരക്കും.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനസ്ഥാപിക്കുക, ശ്രംശക്തി നിതി ബിൽ അടക്കമുള്ള ജനവിരുദ്ധ ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക, നിശ്‌ചിതകാല തൊഴിൽ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.

പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ കൺവൻഷനുകൾ ശനിയാഴ്‌ച പൂർത്തിയാകും. പ്രാദേശിക കൺവൻഷനുകൾ ഫെബ്രുവരി അഞ്ചിനകം പൂർത്തിയാക്കും.

12ന്‌ പണിമുടക്കിനുശേഷം തൊഴിലാളികൾ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും. എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജാഥകൾ പണിമുടക്ക് ദിവസം മാറ്റി നിശ്ചയിച്ചു.

രാജ്യത്തെ പത്ത്‌ കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധ രംഗത്തെ ജീവനക്കാരും, കേന്ദ്ര, സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. കേരളത്തിൽ കശുവണ്ടി-, കയർ-, കൈത്തറി-, മത്സ്യബന്ധനവും-വിപണനവും എന്നീ മേഖലകളിലെ തൊഴിലാളികളും വാണിജ്യ-വ്യാപാര-സ്ഥാപനങ്ങളിലും കട കമ്പോളങ്ങളിലും പണിയെടുക്കുന്നവരും തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ, കയറ്റിറക്ക് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, ഓൺലൈൻ വ്യാപാരം, ഐടി മേഖല തുടങ്ങി എല്ലാ രംഗങ്ങളിലെയും തൊഴിലാളികളും 24 മണിക്കൂർ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കും.

error: Content is protected !!