കൊല്ലത്തു പോകുന്നതൊക്കെ കൊള്ളാം, ഇക്കൊല്ലവും തിരികെ വന്നേക്കണം…’

കോഴിക്കോട്∙ ‘കൊല്ലത്തു പോകുന്നതൊക്കെ കൊള്ളാം, ഇക്കൊല്ലവും തിരികെ വന്നേക്കണം…’ സ്വർണക്കപ്പിന്റെ ചെവിയിൽ കോഴിക്കോട്ടെ കുട്ടികൾ പറഞ്ഞ രഹസ്യം ഇതായിരിക്കാം. നാളെ കൊല്ലത്തു തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാംപ്യൻമാർക്കു നൽകാനുള്ള സ്വർണക്കപ്പ് ഇന്നലെ രാവിലെ എട്ടരയോടെയാണ് കോഴിക്കോട്ടു നിന്നു യാത്ര തുടങ്ങിയത്. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ കോഴിക്കോട് ജില്ലയ്ക്കു ലഭിച്ച കപ്പ് ഒരു വർഷമായി ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ മാനാഞ്ചിറയിലെ ഗവ. മോഡൽ സ്കൂൾ മൈതാനത്തുനിന്നാണ് സ്വർണക്കപ്പ് കൊല്ലത്തേക്കു യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് കലോത്സവത്തിനുള്ള സ്വർണക്കപ്പ് വിവിധ ജില്ലകളിൽ സ്വീകരണമേറ്റുവാങ്ങി ജാഥയായി കലോത്സവവേദിയിലേക്കു പോവുന്നത്. പരീക്ഷാ വിഭാഗം ജോയിന്റ് കമ്മിഷണർ ഗിരീഷ് ചോലയിലിനു സ്വർണക്കപ്പ് കൈമാറി മേയർ ബീന ഫിലിപ് യാത്ര ഉദ്ഘാടനം ചെയ്തു. ‘ഇക്കൊല്ലവും കോഴിക്കോട്ടെ കുട്ടികൾ നന്നായി മത്സരിച്ച് സ്വർണക്കപ്പ് തിരികെയെത്തിക്കും’ –മേയർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് അധ്യക്ഷനായിരുന്നു.

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, ഹയർ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടർ കെ.സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ.അബ്ദുൽ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി യാത്ര തുടങ്ങി. ഡിഡിഇ മനോജ് മണിയൂരിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.

error: Content is protected !!