
WebDesk
അടുത്തിടെ ഇറങ്ങിയ ‘അപ്പനി’ലെ അലന്‍സിയറിന്റെ റോള്‍ കണ്ടവര്‍ ഇവിടെ നാടകവേദിയിലെ ഈ അപ്പനെ കണ്ടാല്‍ ഒന്ന് അതിശയിക്കും. സൂക്ഷിച്ചുനോക്കിയാല്‍ അപ്പന്റെ കാലിലൊരു കെട്ട് കാണാം. കാലുളുക്കിയിട്ടും വേദിയില്‍ തകര്‍ക്കുന്നത് എന്ന് അതിശയിക്കുമ്പോഴേക്കും നാടകം പൂര്‍ത്തിയായി.
ചെയ്ത പാപങ്ങള്‍ക്ക് ശിക്ഷയായി മരുഭൂമിയില്‍ സൂചിക്കുഴലില്‍പ്പെടുന്നത് സ്വപ്നംകണ്ട അപ്പനെ തകര്‍പ്പനായി അവതരിപ്പിച്ച നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി നിള നൗഷാദാണ് ഈ മിടുക്കി.
മത്സരമടുത്ത ദിവസങ്ങളിലാണ് കാലുളുക്കുന്നത്. യാക്കൂബ് എന്ന അപ്പന്‍ റോള്‍ ചെയ്യാന്‍ നിളയ്ക്കു പകരമാവില്ല മറ്റാരും എന്നുപറഞ്ഞ് കൂട്ടുകാര്‍ കട്ടയ്ക്ക് കൂടെനിന്നതോടെ നിളയിലെ അപ്പന്‍ ഉഷാറായി. തളരാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വേദന കടിച്ചമര്‍ത്തി ബാന്‍ഡേജുമിട്ട് പരിശീലനത്തിനെത്തി.
പിന്നീട് തളിയിലെ സാമൂതിരി സ്‌കൂളിലുള്ള രണ്ടാംവേദി കണ്ടത് അപ്പനായുള്ള അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. കെട്ടിലും മട്ടിലും യാക്കൂബെന്ന അപ്പന്‍മാത്രം. ടി.വി. കൊച്ചുബാവയുടെ കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരം അരങ്ങിലെത്തിച്ചത് സതീഷ് കെ. സതീഷും കെ.പി. വിജേഷും എം.സി. സന്തോഷും ചേര്‍ന്നാണ്.