
newsdesk
തിരുവനന്തപുരം ∙ വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കുരിശുമല സ്‌പെഷല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് പറഞ്ഞു.
രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലന്‍സ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനില്‍ കയറ്റി സിഎച്ച്‌സിയില്‍ എത്തിച്ചു. അവിടുത്തെ ഡോക്ടര്‍ വിളിച്ചിട്ടും 108 ആംബുലന്‍സ് വിട്ടു നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ച് സിഎച്ച്‌സിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുവച്ച് ആന്‍സിയുമായി പോകുന്നതിനിടെ ആരോഗ്യനില വഷളായി അവര്‍ മരിക്കുകയായിരുന്നു.