newsdesk
കോഴിക്കോടിന്റെ മലയോരം ഒരിക്കൽ കൂടി ജലമേളയുടെ ആരവങ്ങളിൽ അലിഞ്ഞു. ആവേശത്തുഴയെറിഞ്ഞ് പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചപ്പോൾ പതിവിലും കൂടുതലായിരുന്നു ഇത്തവണത്തെ ആവേശം.ചക്കിട്ടപാറ മീൻതുള്ളിപ്പാറയിൽ കുറ്റ്യാടി പുഴയിൽ നടന്ന ഫ്രീസ്റ്റൈൽ പ്രദർശന മത്സരത്തോടെയാണ് നാലുനാൾ നീളുന്ന പുഴയുത്സവത്തിന് തുടക്കമായത്. ടി.പി രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു.പാറക്കെട്ടുകളും ചുഴികളും ശക്തമായ കുത്തൊഴുക്കുമുള്ള കടന്തറപ്പുഴയുടെയും മൂത്തേട്ട് പുഴയുടെയും സംഗമകേന്ദ്രത്തിനടുത്താണ് മീൻതുള്ളിപ്പാറ. ഇവിടെ നടക്കുന്ന ഫ്രീ സ്റ്റൈൽ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽ ഇന്ത്യയ്ക്കുപുറമെ ബ്രിട്ടൻ, ഇറ്റലി, ജർമനി, അമേരിക്ക, ഫ്രാൻസ്, സ്പെയിൻ, ന്യൂസിലൻഡ്, ഓസ്ട്രിയ, മോണ്ടിനെഗ്രോ, അയർലൻഡ്, നോർവെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് മത്സരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ (കെ.എ.ടി.പി.എസ്), ഡി.ടി.പി.സി, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കയാക്കിംഗ് നടത്തുന്നത്.ഒളിമ്പിക്സ് മത്സരയിനങ്ങളായ സ്ലാലം, എക്സ്‌ട്രീം സ്ലാലം എന്നിവ പുലിക്കയം ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറ ഇരുവഴിഞ്ഞി പുഴയിലുമാണ് നടക്കുക. എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും തദ്ദേശീയ താരങ്ങളും പങ്കെടുക്കും. 28 വരെ നീളുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു