കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിൽ തുടർച്ചയായി രണ്ടാം ദിവസും സ്വർണക്കടത്ത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നു എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വർണം പിടിച്ചത്. 30 ലക്ഷം രൂപ വില വരുന്ന 736 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. തിങ്കളാഴ്ചയും ചാർട്ടേഡ് വിമാനത്തിലെത്തിയ നാലുപേരിൽ നിന്നു സ്വർണം പിടിച്ചിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് കെ.പി. മനോജ്, ഇൻസ്പെക്ടർമാരായ എം. ജയൻ, പ്രേംപ്രകാശ് മീണ, യോഗേഷ് യാദവ്, മിനിമോൾ, ഹവിൽദാർ സി. അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.