മന്ത്രി ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല; ഹര്‍ജി തള്ളി ലോകായുക്ത

Web Desk

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി. ഗോപിനാഥിനെ നിയമിക്കണമെന്ന്, സർവകലാശാല പ്രോ വൈസ് ചാൻസലറെന്ന അധികാര പരിധിയില്‍നിന്നുകൊണ്ട് നിർദേശം മുന്നോട്ടുവയ്ക്കുകയാണ് മന്ത്രി ചെയ്തതെന്ന് ലോകായുക്ത ഉത്തരവിൽ പറയുന്നു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. വിസി നിയമനത്തില്‍ പൂര്‍ണനിയമന അധികാരി ഗവര്‍ണറാണെന്നും ലോകായുക്ത പറഞ്ഞു.

സ്വജനപക്ഷപാതമോ അഴിമതിയോ നടന്നതായി ലോകായുക്തയ്ക്ക് പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിയമിക്കാനുള്ള സർക്കാർ നിർദേശം ചാൻസലറായ ഗവർണർക്കു തള്ളാനുള്ള അധികാരമുണ്ടായിരുന്നെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. എന്നാൽ, ഗവർണർ അതു ചെയ്തില്ല; പകരം സർക്കാർ നിർദേശം അംഗീകരിച്ചു. ഇക്കാര്യത്തിൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. മന്ത്രിക്കെതിരായ തെളിവുകൾ ഹാജരാക്കാൻ വാദിഭാഗത്തിനു കഴിഞ്ഞില്ലെന്നും ഉത്തരവിൽ അദ്ദേഹം വ്യക്തമാക്കി. ചാൻസലറാണ് പൂർണമായ അധികാരി. അദ്ദേഹമാണ് പുനർനിയമനം നൽകിയത്.

ഗവർണറുടെ ഓഫിസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു നൽകിയ കത്തിനു മറുപടിയായാണ് പ്രഫ. ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകാമെന്നു മന്ത്രി നിർദേശം വച്ചതെന്നും രേഖകളിൽ കാണുന്നതായി ലോകായുക്ത പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാർത്തകളോട് വാർത്താക്കുറുപ്പിലൂടെ പ്രതികരിച്ച ഗവർണർ, തന്റെ നിർദേശപ്രകാരമല്ല സർക്കാർ നിർദേശപ്രകാരണമാണ് വിസിയെ നിയമിച്ചതെന്നു വ്യക്തമാക്കിയിരുന്നു. വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്തും സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കിയിരുന്നു.

error: Content is protected !!