
newsdesk
കക്കാടംപൊയിൽ: വെണ്ടേക്കുംപൊയിൽ, മേലേമങ്ങാട് പ്രദേശങ്ങളിൽ സ്വകാര്യ ക്വാറിയുടെ മൺകൂന ജനവാസ മേഖലയ്ക്ക് ഭീഷണിയാകുന്നതിനെക്കുറിച്ച് സിടി വി നൽകിയ വാർത്തയെത്തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു. പ്രദേശത്ത് പുള്ളിപ്പാടം വില്ലേജ് ഓഫീസറുടെയും ചാലിയാർ പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ നേരിട്ടെത്തി പരിശോധന നടത്തി.
സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അടിയന്തര സ്റ്റോപ്പ് മെമോ നൽകി.
ക്വാറിയിലെ കൂറ്റൻ മൺകൂന ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും ഇത് താഴെയുള്ള നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നും കാണിച്ച് വില്ലേജ് ഓഫീസർ തഹസിൽദാർ ഉൾപ്പെടെയുള്ള മുകളിലത്തെ ഉദ്യോഗസ്ഥർക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു.പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത്, അപകടഭീഷണിയിലായിരുന്ന വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൺകൂന ഇടിഞ്ഞുവീഴുമെന്ന ഭീതിയിൽ ഉറങ്ങാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കാണ് വാർത്തയെത്തുടർന്നുണ്ടായ ദ്രുതഗതിയിലുള്ള ഈ ഇടപെടൽ ആശ്വാസമായത്.