
Web Desk
ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കുറ്റ്യാടിയിൽ എത്തിച്ചു. കുറ്റ്യാടി സ്വദേശികളായ തയ്യുള്ളതിൽ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് കെ പി ഹമീദ് എന്നിവരെയാണ് കുറ്റ്യാടി പോലീസ് സ്റ്റേഷൻ എത്തിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വെള്ളിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കിയേക്കും.
കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ് കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ വെള്ളിയാഴ്ച രാവിലെയാണ് കരിപ്പൂർ വിമാനത്താവളം വഴി കുറ്റ്യാടിയിൽ എത്തിച്ചത്. കുറ്റ്യാടി സ്വദേശികളായ തയ്യുള്ളതിൽ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് കെ പി ഹമീദ് എന്നിവരെയാണ് ഡൽഹി പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്. ഇവരിൽ നിന്ന് കേസ് സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പ്രതികളെ കല്ലാച്ചി കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ പ്രതിസന്ധിയുണ്ടായ സമയത്താണ് ഇവർ വിദേശത്തേക്ക് കടന്നത്. പോലീസ് തന്ത്രപൂർവ്വം ഇവരെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് കൊണ്ട് ഡൽഹി പോലീസിന് എയർപോർട്ടിൽ വെച്ച് തന്നെ ഇവരെ കണ്ടെതാനായി. കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന ഇവർ ഡൽഹിയിലെത്തുന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. ഇവരെ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ശ്രമിക്കും. കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിൽ നാദാപുരത്തും കുറ്റ്യാടിയിലുമായി ഇതോടെ നാല് പേർ പിടിയിലായി. സ്വർണമായും പണമായും നിക്ഷേപിക്കപ്പെട്ട അറുപത് കോടിയോളം രൂപയുടെ തട്ടിപ്പാണിത്. ജ്വല്ലറിയിൽ നിക്ഷേപിച്ച ഇരുനൂറ്റി അമ്പതോളം പേർ ഇതിനകം പരാതി നൽകിയിട്ടുണ്ട്.