ഐ.പി.എസ്‌. ചമഞ്ഞ് തട്ടിപ്പ്;ജാമ്യത്തിലിരിക്കവേ അമ്മയും മകനും സമാന കേസിൽ വീണ്ടും അറസ്റ്റിൽ

Web Desk

ഉന്നതോദ്യോഗസ്‌ഥര്‍ ചമഞ്ഞ്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയും മകനും സമാനമായ കേസില്‍ വീണ്ടും അറസ്‌റ്റിലായി. വ്യാജരേഖ ചമച്ച്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍നിന്ന്‌ 24 ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട്‌, രാമനാട്ടുകര സ്വദേശികളായ വിബിന്‍ കാര്‍ത്തിക്‌, അമ്മ ശ്യാമള എന്നിവരെയാണു ഗുരുവായൂര്‍ ടെമ്പിൾ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഐ.പി.എസ്‌. തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയ വിബിന്‍, കാര്‍ത്തിക്‌ വേണുഗോപാല്‍ എന്ന പേരില്‍ കോഴിക്കോട്ട്‌ വാടകവീട്ടിലായിരുന്നു താമസം. വാഹനപരിശോധനയ്‌ക്കിടെയാണു ഗുരുവായൂരില്‍ പിടിയിലായത്‌.

14 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ വായ്‌പയെടുത്തശേഷം വിലകുറഞ്ഞ കാര്‍ വാങ്ങുകയും ആര്‍.സി. ബുക്ക്‌ തിരുത്തി ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട്‌ മറ്റൊരു വാഹനത്തിനായി 10 ലക്ഷം രൂപ വായ്‌പയെടുത്തു. രണ്ടും തിരിച്ചടയ്‌ക്കാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26-നു ബാങ്ക്‌ അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടു.കുന്നംകുളം സ്വദേശിയായ ബാങ്ക്‌ മാനേജര്‍ സുധയെ കബളിപ്പിച്ച്‌ 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ 2019 ഒക്‌ടോബര്‍ 27-ന്‌ അമ്മയും മകനും അറസ്‌റ്റിലായിരുന്നു. പിന്നീട്‌ ഇവര്‍ക്കെതിരേ ബാങ്ക്‌ അധികൃതരുള്‍പ്പെടെ നിരവധിപ്പേര്‍ പരാതി നല്‍കി.

വിബിന്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനാണെന്ന വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നു വാഹനവായ്‌പയെടുക്കുകയും പിന്നീട്‌ വായ്‌പ അടച്ചുതീര്‍ന്നെന്ന വ്യാജരേഖയുണ്ടാക്കി മറിച്ചുവില്‍ക്കുകയുമായിരുന്നു പതിവ്‌. തൃശൂര്‍ സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ ഓഫീസര്‍ എന്ന വ്യാജരേഖയുണ്ടാക്കി ശ്യാമളയാണു മകന്‌ ജാമ്യം നിന്നിരുന്നത്‌. ഐ.പി.എസ്‌. പരീക്ഷ പാസായെന്നും അഭിമുഖം മാത്രമാണു ബാക്കിയുള്ളതെന്നുമാണു വിബിന്‍ നാട്ടുകാരോടു പറഞ്ഞിരുന്നത്‌.
ഗുജറാത്തിലെ വനിതാ ഐ.പി.എസ്‌. ഓഫീസറെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും പ്രചരിപ്പിച്ചു. വിശ്വാസ്യതയ്‌ക്കായി പ്രതിശ്രുതവധുവിന്റെ ഫോട്ടോയും ഫെയ്‌സ്‌ബുക്ക്‌ പ്രൊഫൈലിൽ ചേര്‍ത്തിരുന്നു.

error: Content is protected !!