ലോണ്‍ ആപ്പ് വഴി ഭീഷണി; കുറ്റ്യാടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍

കുറ്റ്യാടി: ലോണ്‍ ആപ്പ് വഴി തട്ടിപ്പിനിരയായ യുവതി ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍. ഇരുപത്തിനാലുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ കുറ്റ്യാടി ഊരത്ത് സ്വദേശിനിയാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വിഷംകഴിച്ചത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇവര്‍ ഒരു ലോണ്‍ ആപ്പില്‍നിന്ന് പണം കടമെടുത്തിരുന്നു. തുടര്‍ന്ന് അറുപതിനായിരം രൂപയോളം പലപ്രാവശ്യമായി തിരിച്ചടച്ചു. തിങ്കളാഴ്ച ലോണ്‍ ആപ്പുകാര്‍ വീണ്ടും യുവതിയോട് പതിനായിരം രൂപ അടയ്ക്കാന്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടകയായിരുന്നു. പണമടക്കാന്‍ യുവതി തയ്യാറാകാതെവന്നതോടെ യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ചുകൊടുത്തു. പണം അടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സംഭവത്തിൽ കേസെടുക്കുമെന്ന് കുറ്റ്യടി പോലീസ് പറഞ്ഞു.

error: Content is protected !!