മനമുരുകുമ്പോഴും വേദിയിൽ നിറഞ്ഞാടി അവൾ ; മുക്കം ഉപജില്ല കലോത്സവത്തിലെ നീറുന്ന കാഴ്ച്ചയായി ലിയ

കൂടരഞ്ഞി – കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിലെ പ്രകടനമാണ് ലിയ കെ ബാബുവിനെ ശ്രദ്ധേയയാക്കുന്നത്.

കൂടരഞ്ഞി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ ലിയ ചവിട്ടുനാടകം , വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിൽ മത്സരിക്കാനുണ്ടായിരുന്നു. മത്സരത്തിന്റെ തലേ ദിവസം പിതാവ് ബാബു ആകസ്മികമായി മരണപ്പെട്ടുവെങ്കിലും മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ രണ്ടിനങ്ങളിലും ലിയ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. താൻ മത്സരിച്ചില്ലെങ്കിൽ സ്കൂളിന്റെയും , തന്റെ കൂട്ടുകാരുടെയും അവസരം നഷ്ടപ്പെടുമല്ലോ എന്ന ചിന്തയും ഈ കൊച്ചു മിടുക്കിയെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രേരണ നൽകി.
കലയെ ഏറെ സ്നേഹിക്കുന്ന ലിയ സ്കൂളിന്റെ ഏതാഘോഷങ്ങളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു. ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, ലോകപരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി ദിനാഘോഷം എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാൻ ലിയക്ക് സാധിച്ചിട്ടുണ്ട്.
ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റുകൂടിയായ ലിയക്ക് ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ഇതിലെ പ്രവർത്തനങ്ങൾ മനക്കരുത്ത് നൽകുന്നു.
താൻ മത്സരിച്ചു കാണണമെന്ന പപ്പയുടെ ആഗ്രഹമാണ് അമ്മയുടെയും സഹോദരന്റെയും അധ്യാപകരുടെയും പിന്തുണയോടെ ലിയയെ ഈ നേട്ടത്തിലേക്കെത്തിച്ചത്.

error: Content is protected !!