കേരള സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

WebDesk

ഡോ. സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ച സാഹചര്യത്തിലാണ് നിയമനം. അതേസമയം സർക്കാർ നൽകിയ കുറ്റാരോപണ മെമോയ്ക്ക് സിസാ തോമസ് വൈകാതെ മറുപടി നൽകിയേക്കും.
മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായാണ് സിസ തോമസിനെ വിദ്യാർഥികളും ജീവനക്കാരും കെടിയുവിലേക്ക് സ്വീകരിച്ചതെങ്കിൽ ഇത്തവണ സജി ഗോപിനാഥിനെ ആനയിക്കാൻ ഇവർ പൂച്ചെണ്ടുമായാണ് എത്തിയത്. ഗവർണർ തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും കാരണംകാണിക്കൽ നോട്ടീസിലെ മറുപടി ഗവർണർക്ക് തൃപ്തികരമായെന്നാണ് കരുതുന്നതെന്നും ചുമതലയേറ്റ ശേഷം സജി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
കെടിയു വിസി എംഎസ് രാജശ്രീയെ സുപ്രിംകോടതി അയോഗ്യയാക്കിയപ്പോൾ സജി ഗോപിനാഥിനെയാണ് സർക്കാർ പകരം നിർദേശിച്ചതെങ്കിലും കാരണംകാണിക്കൽ നോട്ടീസ് ചൂണ്ടിക്കാട്ടി ഗവർണർ സിസ തോമസിനെ നിയമിക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലും സിസ വിരമിച്ചതും പരിഗണിച്ചാണ് ഇപ്പോൾ മുൻ നിലപാട് തിരുത്തി ഗവർണർ ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് കെടിയുവിന്റെ അധിക ചുമതല നൽകിയത്. അതിനിടെ സർക്കാർ നൽകിയ കുറ്റാരോപണ മെമോയ്ക്ക് സിസ തോമസ് വൈകാതെ മറുപടി നൽകും. സിസയെ ബുദ്ധിമുട്ടിക്കരുതെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുള്ളതിനാൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കില്ല.

error: Content is protected !!