ഫ്രഷ് കട്ട് പ്ലാന്റിനെതിരെ സർവകക്ഷി റാലി; നാടിന്റെ പ്രതിഷേധം ഇരമ്പി

താമരശ്ശേരി∙ ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫ്രഷ്കട്ട് വിരുദ്ധ ജനകീയ സമര സഹായ സമിതി താമരശ്ശേരിയിൽ സംഘടിപ്പിച്ച സർവ കക്ഷി റാലിയിൽ നാടിന്റെ പ്രതിഷേധം ഇരമ്പി. ശുദ്ധ വായുവും ശുദ്ധ ജലവും ആവശ്യപ്പെട്ട് നടത്തിയ റാലിയിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിനു പേർ അണി നിരന്നു. മുൻപുണ്ടായ സംഘർഷത്തിന്റെ പേരിൽ പൊലീസ് നടത്തുന്ന നായാട്ട് അവസാനിപ്പിക്കുക, നിരപരാധികളെ കള്ളക്കേസിൽ കുടുക്കി സമരം അട്ടിമറിക്കാനുള്ള പൊലീസ് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കാരാടിയിൽനിന്ന് ആരംഭിച്ച റാലി താമരശ്ശേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർന്നു ചേർന്ന പൊതു സമ്മേളനത്തിൽ സമര സഹായ സമിതി ചെയർമാൻ ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എം. ഉമ്മർ, ജനറൽ കൺവീനർ നാസർ ഫൈസി കൂടത്തായി, കെ.ബാബു, എ.അരവിന്ദൻ, ഗിരീഷ് തേവള്ളി, ടി.എം.പൗലോസ്, സൈനുൽ അബ്ദീൻ തങ്ങൾ, ജബീന ഇർഷാദ്, ഫാ.ബിബിൻ ജോസ്, ഫാ.സിബി പൊൻപാറ, ഒ.പി.അബ്ദുറഹിമാൻ, സിദ്ദിഖ്, പി.സി.മോയിൻകുട്ടി, തമ്പി പറകണ്ടത്തിൽ, പി.സി.അഷ്റഫ്, അമീർ മുഹമ്മദ് ഷാജി, ബോസ് ജേക്കബ്, കെ.വി.മുഹമ്മദ്, പി.ഗിരീഷ്കുമാർ, ടി.കെ.അരവിന്ദാക്ഷൻ, ഗഫൂർ കൂടത്തായ്, കെ.എം.അഷ്റഫ്, ടി.ഇബ്രാഹിം, പി.ടി.ബാപ്പു, സന്ദീപ് മാടത്തിൽ എന്നിവർ പ്രസംഗിച്ചു. നാടിന് ഭീഷണിയായി മാറിയ മാലിന്യ പ്ലാന്റ് യൊതൊരു കാരണവശാലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് റാലിയിൽ അണി നിരന്നവർ മുന്നറിയിപ്പ് നൽകി.

error: Content is protected !!