കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിരക്കില്‍ പെട്ട് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും; 64 പേർക്ക് പരുക്കേറ്റു;. രണ്ടു പേരു നില അതീവഗുരുതരമാണ്; മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചു

കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 64 പേർക്ക് പരുക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പരുക്കേറ്റ 46 പേർ കളമശേരി മെഡിക്കൽ ആശുപത്രിയിലും 18 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേരു നില അതീവഗുരുതരമാണ്.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരുക്കേറ്റത്.

ക്യാംപസിനുള്ളിലുള്ള മറ്റു വിദ്യാർഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നുണ്ട്. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്തേയ്ക്കു തിരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

error: Content is protected !!