‘മാനേജർ’ ജോലി വിട്ട് ലഹരിക്കച്ചവടത്തിലേക്ക്, സംശയം തോന്നാതിരിക്കാൻ യുവതികൾ; കോഴിക്കോട്ട് എംഡിഎംഎയുമായി 4 പേർ പിടിയിൽ

കോഴിക്കോട് ∙ 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്.

സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്.

വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!