കേരളത്തിലെ എസ്‌ ഐ ആര്‍ സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ: എന്യുമറേഷൻ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും

കോഴിക്കോട്: കേരളത്തിലെ എസ്‌ ഐ ആര്‍ സമയം നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷൻ്റെ തീരുമാനം.

കേരളത്തിലെ എസ്‌ ഐ ആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇത് കേട്ട ശേഷാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച് എസ്‌ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്.

സംസ്ഥാന സർക്കാരുകള്‍ക്കും ഭരണഘടനസ്ഥാപനങ്ങള്‍ക്കും ഉള്ളതിനെക്കാള്‍ പ്രശ്നം എസ്‌ഐആർ കാരണം രാഷ്ട്രീയ പാർട്ടികള്‍ നേരിടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എസ്‌ ഐ ആർ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചു. എസ്‌ ഐ ആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 88 ശതമാനം പൂർത്തിയായി എന്നും എസ്‌ഐആര്‍ നടപടികളുടെ സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

error: Content is protected !!