
newsdesk
കോഴിക്കോട് ∙ ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരണ സമരം തുടരുന്നതിനിടെ ടെസ്റ്റ് നടത്താൻ അനുവദിക്കാത്ത ഡ്രൈവിങ് സ്കൂൾ ഉടമകളെ നേരിടുന്നതിനു ചേവായൂർ സർക്കാർ ഗ്രൗണ്ടിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൗകര്യം ഏർപ്പെടുത്തിയെങ്കിലും ഡ്രൈവിങ് ടെസ്റ്റിനു ആരും എത്തിയില്ല. എന്നാൽ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടു റോഡ് ടെസ്റ്റിനു അപേക്ഷകർ എത്തിയതിൽ പ്രതിഷേധം. ഡ്രൈവിങ് സ്കൂൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടയിൽ എംവിഐയുടെ നേതൃത്വത്തിൽ രണ്ടു പേർക്ക് റോഡ് ടെസ്റ്റ് നടത്തി.
ചേവായൂർ സർക്കാർ നിയന്ത്രണ ടെസ്റ്റ് ഗ്രൗണ്ടിൽ ഇന്നലെ മുതൽ അപേക്ഷകർക്ക് ടെസ്റ്റ് നടത്താൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിനായി രാവിലെ മുതൽ ഗ്രൗണ്ടിൽ മറ്റുള്ളവർ പ്രവേശിക്കുന്നത് നിയന്ത്രിച്ചു. എന്നാൽ 6.30ന് തന്നെ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി നേതാക്കളായ ഇ.വി.വിനീഷ്, സുരേഷ് ബാബു ആഴ്ചവട്ടം, ഷമീർ കാരപ്പറമ്പ്, വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാർ ഗ്രൗണ്ടിൽ എത്തി.
എട്ടുമണിയോടെ ഉദ്യോഗസ്ഥരും എത്തി. 10.35 നാണ് ലൈസൻസ് റദ്ദായ രണ്ടു പേർ റോഡ് ടെസ്റ്റിനായി ഗ്രൗണ്ടിൽ പ്രവേശിച്ചത്. ഇവർ സ്വന്തം വാഹനവുമായാണ് എത്തിയത്. എംവിഐ അനുമോദ് വലിയാറ്റൂർ അപേക്ഷ സ്വീകരിച്ചതോടെ സമരക്കാർ ഉദ്യോഗസ്ഥരുടെ സമീപത്തെത്തി മുദ്രാവാക്യം വിളിച്ചു. എന്നാൽ പ്രതിഷേധത്തിനിടയിലും അപേക്ഷകന്റെ രേഖകൾ പരിശോധിച്ചു ടെസ്റ്റിനു അനുമതി നൽകി.
പിന്നീട് റോഡ് ടെസ്റ്റ് നടത്തി. രാവിലെ 11.30ന് അപേക്ഷ സ്വീകരിക്കേണ്ട സമയം കഴിഞ്ഞതോടെയാണ് ഉദ്യോഗസ്ഥരും സമരക്കാരും ഗ്രൗണ്ടിൽ നിന്നു പോയത്. വാഹനങ്ങളുടെ ഫിറ്റ്നസ്, റജിസ്ട്രേഷൻ പുതുക്കൽ, പുതിയ റജിസ്ട്രേഷൻ, ലേണിങ് ടെസ്റ്റ് എന്നിവ നടന്നു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനു സമര സമിതി എതിരല്ലെന്നും വെട്ടിക്കുറച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് എണ്ണം വർധിപ്പിക്കണമെന്നും ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. ആഴ്ചയിൽ 400 പേർ ലേണിങ് ടെസ്റ്റിൽ വിജയിക്കുന്നുണ്ട്. എന്നാൽ 350 പേർക്കു ഡ്രൈവിങ് ടെസ്റ്റിനു അനുമതിയുണ്ടായത് 100 പേർക്കായി കുറച്ചു.
ഇതു കാരണം ഡ്രൈവിങ് സ്കൂളുകളിൽ മാസങ്ങളായി ടെസ്റ്റിന് അപേക്ഷിച്ചവർ ടെസ്റ്റ് നടത്താൻ കഴിയാത്ത അവസ്ഥയായി. ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകൾക്കും ജോലിയില്ലാത്ത അവസ്ഥയായെന്നു സമരസമിതി ഭാരവാഹികൾ പറഞ്ഞു.
∙ ഡ്രൈവിങ് ടെസ്റ്റിനു സമയവും ദിവസവും ലഭിച്ചവർ അപേക്ഷ കൈവശമില്ലെങ്കിൽ പകർപ്പുമായി എത്തിയാൽ ടെസ്റ്റ് നടത്താൻ സൗകര്യം. ലേണിങ് ടെസ്റ്റ് വിജയിച്ച സമയത്ത് മൊബൈൽ ഫോണിൽ ലഭിച്ച റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ‘സാരഥി’ വെബ്സൈറ്റ് വഴിയോ അക്ഷയ സെന്റർ വഴിയോ ടെസ്റ്റിനുള്ള പകർപ്പ് എടുക്കാം. ഈ പകർപ്പും സ്വന്തം വാഹനവുമായി വന്നാൽ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.