മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ല; പറഞ്ഞത് ടി.പി. വധത്തിൽ പങ്കില്ലെന്ന്: കോടിയേരി

Web Desk

കെ.കെ.രമ എംഎൽഎയ്ക്കെതിരായ മുൻമന്ത്രി എം.എം.മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണൻ. നിയമസഭയിൽ പറഞ്ഞത് അവിടെ അവസാനിപ്പിക്കണം. മണി പറഞ്ഞത് ടി.പി. വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കേരളം സന്ദർശിച്ച് വികസന പരിപാടികൾ കാണുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദേശകാര്യമന്ത്രി ഇടപെടേണ്ട കാര്യത്തിലല്ല അദ്ദേഹം ഇടപെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രിമാർ ടെന്റ് കെട്ടി താമസിച്ചിട്ടും ഒരു സീറ്റും നേടാൻ ബിജെപിക്കു പറ്റിയില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും കേന്ദ്രം നടപ്പിലാക്കുന്നില്ല. പാലക്കാട്ടെ കോച്ച് ഫാക്ടറിയെ സംബന്ധിച്ച് ഇപ്പോൾ അനക്കമില്ല. നേരത്തെ പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളജ് ആർക്കും ഓർമയില്ലാതെയായി.

കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് 45 മീറ്റർ വീതിയിൽ ദേശീയ പാത നവീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവ് കേരളമാണ് വഹിക്കുന്നത്. അതിനെ തുടർന്നാണ് ദേശീയപാതാ വികസനപദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയതെന്നും കോടിയേരി പറഞ്ഞു. വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വി.ഡി.സതീശനെ പോലെയൊരാൾ വെറുതേ പങ്കെടുക്കില്ലെന്ന് ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. കാര്യങ്ങൾ പഠിച്ച് മനസിലാക്കി ചെയ്യുന്നയാളാണ് സതീശൻ. പറവൂരിൽ തോറ്റശേഷം തിരഞ്ഞെടുപ്പിൽ എങ്ങനെയും ജയിച്ചു വരണമെന്നു കരുതി ആർഎസ്എസ് വോട്ടു വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അതുകൊണ്ടാണ് വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തത്. വസ്തുത പറയാതെ വി.ഡി.സതീശൻ ഒളിച്ചു കളിക്കുകയാണ്. സിപിഎം നേതാവായ വിഎസും പരിപാടിയിൽ പങ്കെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ആർഎസ്എസിനെതിരായി സംസാരിക്കാനാണ് വിഎസ് പോയത്. വി.ഡി.സതീശൻ ആ പരിപാടിയിൽ ആർഎസ്എസിനെ വിമർശിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

error: Content is protected !!