newsdesk
ബീജിംഗ്: നൂറുശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസിനെ ചൈന എലികളിൽ പരീക്ഷിച്ചെന്ന് റിപ്പോർട്ട്. ജതിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായ എലികൾ എട്ടുദിവസത്തിനകം മരണത്തിന് കീഴടങ്ങി. എലികളുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.2017ൽ മലേഷ്യൻ ഈനാംപേച്ചികളിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട GX/2017-വൈറസിന്റെ പരിവർത്തനം ചെയ്ത പതിപ്പായിരുന്നു (GX_P2V) പരീക്ഷണത്തിന് ഉപയോഗിച്ചത്. ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് വൈറസ് ലോകത്ത് പടർന്നുപിടിക്കാൻ കാരണക്കാർ ചൈനയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പരീക്ഷണം.
വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. തലച്ചോറിന് പുറമേ അവയുടെ ശ്വാസകോശം, എല്ലുകൾ, കണ്ണുകൾ, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കൾ ബാധിച്ചിരുന്നു. തലച്ചോറിലെ അണുബാധയാണ് എലികളുടെ ജീവനെടുത്തത്. ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്റെ തലേദിവസം കണ്ണുകൾ പൂർണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കൾ ബാധിച്ചാൽ മനുഷ്യരിലും സമാന അവസ്ഥകൾ ഉണ്ടായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്.വുഹാനിലെ ലാബിൽ വേണ്ടത്ര സുരക്ഷാ മുൻകരുതൽ ഇല്ലാതെ പരീക്ഷണം നടത്തുന്നതിനിടെ പുറത്തേക്ക് വ്യാപിച്ചതാണ് കൊവിഡ് വൈറസെന്നാണ് ലോകമെമ്പാടും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ ചൈന ഇത് ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഏഴ് ദശലക്ഷം ആളുകളെയാണ് കൊവിഡ് കൊന്നൊടുക്കിയത്.