കേരളത്തിലെ ആദ്യത്തെ ബഷീർ മ്യൂസിയം &റീഡിങ് റൂം “മതിലുകൾ” ചാത്തമംഗലം ദയാപുരംക്യാമ്പസിൽ പ്രമുഖ സംവിധായകനായ പത്മശ്രീ അടൂർ ഗോപാലകൃഷ്ണൻ നാടിനു സമർപ്പിച്ചു

ചാത്തമംഗലം : കേരളത്തിലെ ആദ്യത്തെ ബഷീർ മ്യൂസിയം & റീഡിംഗ് റൂം “മതിലുകൾ” പ്രമുഖ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ ചാത്തമംഗലത്തെ ദയാപുരം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു .ദയാപുരം ട്രസ്റ്റ് ചെയർ മാൻ കെ കുഞ്ഞലവി അധ്യക്ഷൻ ആയി .

ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപകഉപദേശകരിൽ ഒരാളായ ബഷീറിൻ്റെ കയ്യെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിൻ്റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.

പ്രമുഖ എഴുത്തുകാരനും ട്രസ്റ്റ് മുൻ ചെയർമാനുമായ ഡോ. എം.എം. ബഷീറിൻ്റെ ശേഖരത്തിലുള്ള ബഷീർ കയ്യെഴുത്തു പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, “ഭാർഗവീ നിലയ”ത്തിൻ്റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിൻ്റെ ദിനങ്ങൾ’ ‘കാമുകൻ്റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരൻ്റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്.

2022 ജൂണിൽ ഈ മ്യൂസിയത്തിൻ്റെ അനൌൺസ്മെൻ്റ് ബ്രോഷർ പ്രകാശനം ചെയ്തത് എം.ടി. വാസുദേവൻ നായരായിരുന്നു.ഡൽഹി സെൻ്റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകനായ എൻ.പി. ആഷ് ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബാംഗ്ലൂർ ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ് ആർക്കിടെക്റ്റ്. ചിത്രകാരനായ കെ.എല്‍ ലിയോൺ കലാപരമായ മേൽനോട്ടം നൽകി ദയാപുരത്തെ ഒ.എൻ.വി പാർക്ക്, ടാഗോർ നികേതന്‍, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്തു തന്നെയാണ് ബഷീർ മ്യൂസിയം തയാറാക്കിയിരിക്കുന്നത്.

ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ മ്യൂസിയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്നുമുതൽ നവംബർ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തിൽ അതിനുശേഷം ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദർശകർക്ക് പ്രവേശനമുണ്ടാവുക.

error: Content is protected !!