കോഴിക്കോട്, യുവതിയെ രാത്രി നടുറോഡിൽ അപമാനിക്കാൻ ശ്രമം: ഇറച്ചിവെട്ടുകാരൻ പിടിയിൽ

കോഴിക്കോട് ∙ നടുറോഡിൽ അപമാനിക്കാൻ ശ്രമിച്ച യുവാവിനെയും അയാൾ സഞ്ചരിച്ച വാഹനവും യുവതി പിടികൂടി. ബലപ്രയോഗത്തിനിടെ യുവാവ് കടന്നുകളഞ്ഞു. നാലാം ഗേറ്റ് സ്വദേശിയായ യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് യുവാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.20ന് നഗരത്തിൽ ശ്മശാനം റോഡ് ജംക്‌ഷനിലാണു സംഭവം. യുവതി നൽകിയ സൂചനയെ തുടർന്നു നടക്കാവ് എസ്ഐ ലീലാ വേലായുധൻ നടത്തിയ അന്വേഷണത്തിലാണു പ്രതി വാഹനം സഹിതം പിടിയിലായത്.

അറസ്റ്റിലായ പുതിയകടവ് സ്വദേശിയും കക്കോടി ബിസ്മിയിൽ താമസിക്കുകയും ചെയ്യുന്ന കെ.പി.മുഹമ്മദാലിയെ (ബാബു 45) കോടതി റിമാൻഡ് ചെയ്തു. ഇയാൾ ഇറച്ചിവെട്ടു ജോലിക്കാരനാണ്. തൃശൂരിൽ നിന്നു രാത്രി നഗരത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുന്ന ഭർത്താവിനെ കൂട്ടാൻ വാഹനവുമായി യുവതി കാത്തുനിൽക്കുന്നതിനിടെയാണു സംഭവം. ഇൗ സമയം ബൈക്കിൽ എത്തിയ പ്രതി ബൈക്കിൽ കയറാൻ നിർബന്ധിച്ചു. പിന്നീട്, പിടിച്ചു കയറ്റാൻ ശ്രമിച്ചു. വിസമ്മതിച്ചതിനു തെറിവിളിച്ചു. അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്ത യുവതി ബലപ്രയോഗത്തിലൂടെ പിടികൂടി.

തുടർന്നു ബൈക്കിനു പിന്നിൽ പിടിച്ചു തടഞ്ഞു വച്ചു. പ്രതി ബൈക്ക് വേഗത്തിൽ മുന്നോട്ടെടുത്തു. നിലത്തു വീണ യുവതിയെ പത്തു മീറ്ററോളം വലിച്ചിഴച്ച ശേഷം വാഹനവുമായി പ്രതി കടന്നുകളഞ്ഞു.രാത്രി പത്തരയോടെ ഭർത്താവ് സ്ഥലത്തെത്തി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്, നടക്കാവ് പൊലീസിൽ പരാതി നൽകി. മഞ്ഞ ബൈക്കിൽ എത്തിയ യുവാവാണു പ്രതിയെന്നു യുവതി അറിയിച്ചു. തുടർന്നു പൊലീസ് നഗരത്തിലെ 34 സിസിടിവി ദൃശ്യം പരിശോധിച്ചു.

വാഹന നമ്പർ കിട്ടാത്ത സാഹചര്യത്തിൽ മഞ്ഞ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നഗരത്തിലെ ഇത്തരം വാഹനം വിൽപന നടത്തിയ ഷോറൂമിൽ നിന്ന് 51 വാഹനം വിൽപന നടത്തിയ രേഖയും ഉടമകളുടെ വിവരവും ശേഖരിച്ചു. പിന്നീട് കാരപ്പറമ്പിൽ നിന്നു വാഹനം കണ്ടെത്തി. തുടരന്വേഷണത്തിൽ, വാഹനം മാംസ വിൽപനക്കാരന്റെ ഉടമസ്ഥതയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു. ഈ വാഹനം മറ്റൊരാൾ ഉപയോഗിച്ചതെന്നു ഇയാൾ അറിയിച്ചു. അങ്ങനെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മാംസ വിൽപനക്കാരന്റെ ജോലിക്കാരനാണ്. ഇന്നലെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

error: Content is protected !!