കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു, സുഹൃത്ത് പിടിയിൽ

newsdesk

കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്ന കേസിൽ സുഹൃത്ത് പോലീസ് പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി തായി സമദ്ദാറിനെ (48) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ശ്യാമൾ ബാരെയെ (54) ഇന്നലെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് സംസാരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വാക്കേറ്റത്തിനിടയിൽ മദ്യ ലഹരിയിലായിരുന്ന ശ്യാമൾ ബാരെ,​ നിതായി സമദ്ദാറിനെ സമീപമുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ നിതായി സമദ്ദാറിനെ ഇയാൾ വീണ്ടും വയറിലും മറ്റും ചവിട്ടുകയും ചെയ്തു. കോനാട് ബീച്ചിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ മറൈൻ ഫാമിൽ നിർമാണ തൊഴിലാളികളായി എത്തിയതായിരുന്നു ഇരുവരും. മറൈൻ ഫാമിന്റെ വാട്ടർ ടാങ്കിനു സമീപം അബോധാവസ്ഥയിൽ വീണ് കിടക്കുകയായിരുന്ന നിതായി സമദ്ദാറിനെ തൊഴിലാളിയായ മറ്റൊരു സുഹൃത്താണ് വൈകീട്ടോടെ ബീച്ച് ആശുപത്രിയിൽ എത്തിച്ചത്.

തലയ്ക്കും വയറിനും വാരിയെല്ലിനും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഡോക്ടർമാരുടെ നിർദേശപ്രകാരം രാത്രി തന്നെ ബീച്ച് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളെ വയറിന് അടിയന്തിര ശാസ്ത്രക്രിയ നടത്തി. അതിനുശേഷം ചികിത്സയിലായിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ബന്ധുക്കൾ എത്തുന്നത് വരെ മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളയിൽ പോലീസ് ഇൻസ്‌പെക്ടർ ബാബുരാജ് വാഴക്കോടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും

error: Content is protected !!