
newsdesk
ചാലക്കുടി: സഹപ്രവർത്തകയുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് അശ്ലീലമായി ചിത്രീകരിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ വനിതാ സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ. സീനിയർ സൂപ്രണ്ട് ഹോബി ഹരിയെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായി തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹോബിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മേലധികാരി തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് സഹപ്രവർത്തകരെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവർക്കെതിരെ സഹപ്രവർത്തകർ പരാതി നൽകിയിരുന്നു. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഇരുപതോളം വനിതാ ജീവനക്കാരാണുള്ളത്. പുരുഷ ജീവനക്കാർ അഞ്ചും. വനിതാ ജീവനക്കാരും സൂപ്രണ്ടും തമ്മിൽ നാളുകളായി സ്വരച്ചേർച്ചയിലല്ലെന്നും പറയുന്നു.
ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി സൂപ്രണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയായ ജീവനക്കാരിയെ ശാരീരികമായി അധിക്ഷേപിച്ചെന്നും പറയുന്നു. സൂപ്രണ്ടിനെതിരെ ഓഫീസിലെ ജീവനക്കാർ ചേർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അസി.ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്.മോർഫിംഗ് സംബന്ധിച്ച പ്രവർത്തിയിൽ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ല, സഹപ്രവർത്തകരോട് സഹകരണമില്ല, സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിപ്പിക്കുന്നു, ഓഫീസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകി, സൂപ്പർ വൈസറി തസ്‌തികയിൽ തുടരാൻ അർഹതയില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്