മത്സരയോട്ടം: വടകര മൂരാട് പാലത്തിന് സമീപം ബസ് ചെളിയില്‍ താഴ്ന്നു; നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് മൂരാട് പാലത്തിന് സമീപത്ത് വച്ച് മുമ്പിലുള്ള മറ്റൊരു സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത് ; പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടി യാത്രക്കാര്‍

NEWSDESK

വടകര: മത്സരയോട്ടത്തിനിടെ മൂരാട് പാലത്തിന് സമീപം സ്വകാര്യ ബസ് ചെളിയില്‍ താഴ്ന്നു. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ടൈഗര്‍ കിംഗ് എന്ന സ്വകാര്യ ബസാണ് ചെളിയില്‍ താഴ്ന്നത്.

കോഴിക്കോട് നിന്ന് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് മൂരാട് പാലത്തിന് സമീപത്ത് വച്ച് മുമ്പിലുള്ള മറ്റൊരു സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിന്നും യാത്രക്കാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത വിധം ബസിന്റെ മുന്‍വശത്തെ ടയര്‍ പൂര്‍ണമായും ചെളിയില്‍ താഴ്ന്നിട്ടുണ്ട്.

ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയാല്‍ മാത്രമേ ബസിനുള്ളിലെ യാത്രക്കാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കുകയുള്ളു. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടികളുമായി മുമ്പോട്ട് പോവുന്നതിനിടെയാണ് വീണ്ടും ഇത്തരത്തിലൊരു അപകടമുണ്ടായിരിക്കുന്നത്.

error: Content is protected !!