NEWSDESK
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കൽ നിസാർ സിദ്ദീഖ് (42) ആണ് അറസ്റ്റിലായത്. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പുതിയാപ്പയിലേക്കു പോകവെ യുവതിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതിനാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ഇരുപതോളം കേസുകൾ നിലവിലുണ്ട്. തൊടുപുഴ പൊലീസ് കാപ്പ ചുമത്തി ആറുമാസം ജയിലിൽ പാർപ്പിച്ചിരുന്നു. രണ്ടു മാസം മുമ്പ് മൂവാറ്റുപുഴ ജയിലിൽനിന്ന് ഇറങ്ങിയശേഷം കോഴിക്കോട് താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കളവ് നടത്തിയ ശേഷം മൊബൈൽ കോഴിക്കോട്ടെ ദുബൈ ബസാറിലുള്ള കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. നടക്കാവ് സബ് ഇൻസ്പെക്ടർ എൻ. ലീല, എ.എസ്.ഐമാരായ എം.കെ. സജീവൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, ഇ. സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.