ട്രെയിനിനുള്ളിൽ ‘ജയ് ശ്രീറാം’ വിളി; കന്യാസ്ത്രീകളെ അധിക്ഷേപിച്ച് ബജ്റംഗ് ദൾ

Web Desk

നാട്ടിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്കെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ റൂര്‍ക്കലയിലാണ് സംഭവുമുണ്ടായത്. കന്യാസ്ത്രികളാകാൻ പഠിക്കുന്ന രണ്ട് യുവതികളും സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള തിരുഹൃദയ സന്യാസിനീസമൂഹത്തിലെ അംഗങ്ങളായ രണ്ട് കന്യാസ്ത്രീകള്‍ക്കുമാണ് ട്രെയിൻ യാത്രയ്ക്കിടെ ആക്രമണം നേരിട്ടത്. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ സഭാവസ്ത്രം മാറ്റി സാധാരണ വേഷത്തിൽ നാട്ടിലേയ്ക്ക് യാത്ര തുടരുകയായിരുന്നു.

മുതിര്‍ന്ന രണ്ട് കന്യാസ്ത്രീകളുടെ അകമ്പടിയോടെ ഇവര്‍ ആദ്യമായി ഒഡീഷയിലെ ജന്മനാട്ടിലേയ്ക്ക് വരികയായിരുന്നു. മലയാളിയായ സി. ഉഷ മരിയ അടക്കമുള്ള സംഘത്തിനാണ് ദുരനുഭവം .

യാത്രയ്ക്കിടെ റിഷികേശിൽ നിന്ന് ട്രെയിനിൽ കയറിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ സംഘമാണ് ഇവരെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇവര്‍ മതംമാറ്റത്തിനായി എത്തിയതാണെന്ന് ആരോപിച്ച് സംഘം ട്രെയിനിനുള്ളിൽ ബഹളമുണ്ടാക്കുകയായിരുന്നു. ബലം പ്രയോഗിച്ച് മതംമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഇവര്‍ റെയിൽവേ പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഝാൻസി സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും നാലുപേരോടും ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇടപെട്ടതോടെ ഇവരുടെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. എന്നാൽ ബജ്റംഗ് ദള്‍ നടത്തിയത് കരുതിക്കൂട്ടിയ ആക്രമണമായിരുന്നുവെന്നും കുറഞ്ഞ സമയത്തിനുള്ളിൽ സ്റ്റേഷനിലും പരിസരത്തും 150ഓളം പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതായും സഭ ആരോപിച്ചു.

വനിതാ പോലീസ് എത്താതെ വരാൻ കൂട്ടാക്കില്ലെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയെങ്കിലും പോലീസ് ഇവരെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആക്രമിക്കാൻ ശ്രമിച്ച ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തങ്ങള്‍ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് യുവതികള്‍ അറിയിക്കുകയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിക്കുകയും ചെയ്തതോടെയാണ് വിട്ടയച്ചതെന്ന് വിവിധ റിപ്പോര്‍ട്ടുകളിൽ പറയുന്നു.

error: Content is protected !!