
newsdesk
ഒരു കാലത്ത് കറുപ്പ് കഞ്ചാവ് എന്നൊക്കെയുള്ള പേരുകൾ മാത്രമായിരുന്നു നാട്ടിൽ കേട്ടിരുന്നത് . ഇന്ന് പേരുകൾപോലും പറയാൻ പോലും അറിയാത്ത നൂറുകണക്കിന് സിന്തറ്റിക് മയക്കുമരുന്നുകൾ വിവിധ രൂപത്തിലും ഭാവത്തിലും യുവജനതയുടെ മനസ്സിലേക്കും അതിലൂടെ അവരുടെ ജീവിതത്തിലേക്കും വിഷമഴയായി പെയ്തിറങ്ങുകയാണ് .സമൂഹത്തിൽ ലഹരിക്കെതിരെ വലിയ ഒരു പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് .
ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും മുഴുവൻ തകർക്കുന്നു. ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഏറ്റവും പ്രധാനം ആരോഗ്യവാന്മാരായ ഒരു തലമുറയാണ്. ഒരു രാജ്യത്തിൻറെ സമ്പത്തായ ഒരു തലമുറ ലഹരിയുടെ ഉപയോഗത്താൽ നശിക്കുന്നത് സ്വന്തം കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിവെക്കുന്നത്. ഒരു ഒരു സമൂഹത്തെ നശിപ്പിക്കാൻ അതിലൂടെ ഒരു രാജ്യത്തെ നശിപ്പിക്കാൻ ഇന്ന് ഏറ്റവും എളുപ്പമായ മാർഗമാണ് അവിടെത്തെ യൂവജനതയെ വഴിതെറ്റിക്കുക എന്നത്. ഇവ ഉല്പാദിപ്പിക്കുന്ന പല രാജ്യങ്ങളും അവ വിവിധ മാർഗത്തിലൂടെ ഭാരതം പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നതും സാമ്പത്തിക സമ്പാദന അതിമോഹങ്ങൾക്കുമപ്പുറം വളർന്നുവരുന്ന വിദ്യാസമ്പന്നരായ യുവജനതയെ വഴിതെറ്റിച്ചു രാജ്യത്തിൻറെ അഖണ്ഡതയെയും, സാമ്പത്തിക, സാംസ്കാരിക, ബൗദ്ധിക പുരോഗതിയേയും തടയുക എന്നൊരു വലിയൊരു അജണ്ടയുടെ ഭാഗം കൂടിയാണ്.
ഈ സാഹചര്യത്തിൽ ആണ് കേരളത്തിലെ ക്യാമ്പസുകളേയും, കമ്യൂണിറ്റിയേയും ലഹരിമുക്തമാക്കി മാറ്റാൻ ആസാദ് സേനയുടെ ശക്തമായ മുന്നേറ്റം. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയം നാശമുക്ത് അഭിയാൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രൂപീകരിച്ച ആസാദ് സേന, ലഹരിവിരുദ്ധ പോരാട്ടത്തിന് പുതുവഴികൾ തുറക്കുകയാണ്.
ക്യാമ്പസുകളിൽ ലഹരി ഉപയോഗ സാധ്യത കണ്ടെത്തി ഒരോ വിദ്യാർത്ഥിയേയും ചേർത്ത് നിർത്തി കൊണ്ട് ഒറ്റപ്പെടലിൽ നിന്നും മറ്റു മാനസിക വിഷമങ്ങളിൽ നിന്നും കൈപിടിച്ചുയർത്തി പൊതുധാരയിലെ സജീവ പങ്കാളിയാക്കി വരും കാലയളവിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തരായ വാക്താക്കൾ ആക്കി മാറ്റുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.ഹയർ സെക്കൻ്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗം, വിവിധ യൂണിവേഴ്സിറ്റികൾ, ഐ എച്ച് ആർ ഡി , ഐ ടി ഐ , ടെക്നിക്കൽ വിഭാഗം എന്നീ യൂണിറ്റുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് ആസാദ് സേനക്ക് രൂപം നൽകിയത്.
ലഹരിക്കെതിരെ ആസാദ് സേന കോഴിക്കോട് ജില്ലാതലത്തിൽ നടത്തുന്ന ഇല്ലും മീനങ്കി കായിക കലാമേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ച്,മുക്കം,ഓമശ്ശേരി,അടിവാരം എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്യാമ്പെയിനും ഫ്ലാഷ്മോബും നടത്തി.ആസാദ് സേന ഇല്ലും മീനാങ്കി ക്യാമ്പസ് – കമ്യൂണിറ്റി കലാ കായിക മേള തുഷാരഗിരി വട്ടച്ചിറ കോളനിയിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് മുഖ്യാഥിതിയായി. ബോധവൽക്കരണ ക്യാമ്പയിൻ്റെ ഉത്ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അധ്യക്ഷം വഹിച്ചു. വട്ടച്ചിറ ഉന്നതി ഊരു മൂപ്പൻ അയ്യപ്പൻ, വാർഡ് മെമ്പർമാരായ റോസ്ലി മാത്യു, സിസിലി ,ആസാദ് സേന ജില്ലാ കോർഡിനേറ്റർ ലിജോ ജോസഫ് , ആസാദ് സേന സംസ്ഥാന ഭാരവാഹികളായ വി ഷാജി , ഡോ. സംഗീത കൈമൾ, രേഷ്മ എസ്, പ്രോഗ്രാം ഓഫീസർമാരായ ശിൽപ, ഡോ. അർച്ചന എന്നിവർ പ്രസംഗിച്ചു.കൈതപ്പൊയിൽ
ലിസ്സ കോളേജ് , കോടഞ്ചേരി ഗവ. കോളേജ്, പ്രൊവിഡൻസ് കോളേജ്,ഐ എച്ച് ആർ ഡി കോളേജ് താമരശ്ശേരി, ഓമശ്ശേരി അൽ ഇർഷാദ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നും അഞ്ചൂറിലധികം വിദ്യാർത്ഥികൾ ക്യാമ്പയിനിൽ പങ്കെടുത്തു. വട്ടച്ചിറ കോളനിയിൽ കോളനിവാസികൾക്കായി വിവിധ കായിക മത്സരങ്ങൾ നടന്നു. എൻ എസ് എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ലഹരി ആസ്പദമാക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ലഹരി ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബ് നാടൻ പാട്ട് , സംഗീത ശിൽപം തുടങ്ങിയവും അരങ്ങേരി. മുതലായ ആസാദ് സേന കമ്യൂണിറ്റി പദ്ധയുടെ ഭാഗമായി വിവിധ പരിപാടികളാണ് ആസാദ് സേന കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇല്ലും മീനാങ്കി ക്യാമ്പസ് കമ്യൂണിറ്റി കലാ- കായിക മേള , പ്രോഗ്രാം ഓഫീസർമാർക്കും എൻ എസ് എസ് വിദ്യാർത്ഥിക്കുമായുള്ള ശിൽപശാല , സെമിനാർ, ട്രൈബൽ കോളനിയിൽ സ്പോർട്സ് ഉപകരണങ്ങൾ നൽകൽ, വിവിധ മേഖലകളിൽ വിജയം വരിച്ചവരെ ആദരിക്കൽ എന്നിവ നടക്കും.
പുതു തലമുറയെ ലഹരിയുടെ നീരാളി വലയത്തിൽ നിന്നും രക്ഷനൽകാൻ ആസാദ് സേന നടത്തുന്ന പോരാട്ടത്തിൽ കൂടെ തന്നെ കൈകോർത്തു കൊണ്ട് ആവേശത്തോടെ ഓരോ ക്യാംമ്പസും അവർക്കൊപ്പം മുൻപിൽ തന്നെ ഉണ്ട് .