
newsdesk
ആലപ്പുഴ: തലവടിയില്‍ കോളറ ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി.ജി.രഘുവാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30-ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രഘുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് വിവരം. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
കടുത്ത വയറിളക്കവും ഛർദിയുമായി രഘുവിനെ കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തപരിശോധനയിൽ കോളറ ലക്ഷണം കാണിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിയുന്നത്.
രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും നാരങ്ങ വെള്ളം കുടിക്കുകയും ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് വിശദമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് ചുറ്റുമുള്ള 40 വീടുകളിലെ കുടിവെള്ള സാമ്പിൾ പരിശോധിച്ചുവെങ്കിലും രോഗാണുസാന്നിധ്യം കണ്ടെത്തിയില്ല.
ഡ്രൈവറായ ഇദ്ദേഹം ജില്ലയിലും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്നവർക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യ പ്രശ്നങ്ങളില്ല. രോഗി പോയിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നു. വീടിന് സമിപത്ത് ടാങ്കർലോറിയിൽ എത്തിച്ചിട്ടുള്ള ജലവും പരിശോധിക്കും