
newsdesk
കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ ഉൾപ്പെടെയുള്ള നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ഫെബ്രുവരി 11 ബുധനാഴ്ച) അർധരാത്രി മുതൽ ആരംഭിക്കും. കേരളത്തിൽ പണിമുടക്ക് പൂർണ്ണ സ്തംഭനത്തിലേക്ക് മാറാനാണ് സാധ്യത.
കെഎസ്ആർടിസിയിലെ പ്രധാന യൂണിയനുകളും സ്വകാര്യ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ സ്തംഭിക്കും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുന്ന വാഹനങ്ങൾ കുറവായതിനാൽ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കും. ട്രെയിൻ സർവീസുകളെയും വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് പ്രവർത്തനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം.
അധ്യാപക സംഘടനകൾക്കൊപ്പം എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളുകളിലും കോളേജുകളിലും എത്താൻ ആവശ്യമായ വാഹന സൗകര്യം ലഭിക്കാത്ത സാഹചര്യം സ്തംഭനത്തിന് കാരണമാകും. പണിമുടക്ക് കണക്കിലെടുത്ത് ഫെബ്രുവരി 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചേക്കാം. പരീക്ഷാ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ സർവകലാശാലകളുടെ വെബ്സൈറ്റുകളിൽ ലഭ്യമാകും.
എഐബിഇഎ, എഐബിഒഎ, ബെഫി തുടങ്ങിയ പ്രധാന ബാങ്ക് യൂണിയനുകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടേക്കാമെന്ന് ഇടപാടുകാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്.
പണിമുടക്ക് ദിവസം ബാങ്കുകൾക്ക് ഔദ്യോഗിക അവധിയില്ലെങ്കിലും ജീവനക്കാർ വിട്ടുനിൽക്കുന്നത് ശാഖകളുടെ പ്രവർത്തനത്തെ ബാധിക്കും. നെറ്റ് ബാങ്കിംഗ്, എടിഎം സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമല തീർത്ഥാടകർ, മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നവർ എന്നിവരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം, ആശുപത്രികൾ, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അത്യാവശ്യ സർവീസുകളെയും സമരത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർബന്ധപൂർവ്വം ആരെയും തടയില്ലെന്ന് സമരസമിതി. എങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങാത്തത് കൊണ്ട് പൊതുജീവിതം സ്തംഭിക്കാൻ സാധ്യതയുണ്ട്.