കോടഞ്ചേരി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സംഭവം; ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കാൻ തീരുമാനം

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ ജാ​ഗ്രതാ മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്. അസുഖം കണ്ടെത്തിയ ഫാം അണുവിമുക്തമാക്കാനും ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാനും തീരുമാനിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ പന്നിപ്പനി ആക്‌ഷൻ പ്ലാൻ പ്രകാരമാണ് തീരുമാനമെടുത്തത്.

ഏഴാം വാർഡ് മുണ്ടൂരിൽ സ്വകാര്യ ഫാമിലെ ഇരുപതിലേറെ പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് ചത്തത്. ഇതിനു പുറത്തുള്ള 9 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പന്നി മാംസ വിൽപന അനുവദിച്ചിട്ടുണ്ട് എങ്കിലും നിരീക്ഷണ മേഖലയിൽ നിന്ന് പുറത്തേക്ക് പന്നികളെയോ, പന്നി മാംസമോ കൊണ്ടുപോകാൻ പാടില്ല.

കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി ബാധ കണ്ടെത്തിയത്. കാട്ടുപന്നികളുമായി സമ്പർക്കം വരാൻ സാധ്യതയുള്ള സ്വകാര്യ പന്നിഫാമുകൾ ഫെൻസിങ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

error: Content is protected !!