
NEWSDESK
തിരുവനന്തപുരം: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ വ്യാജ അറ്റസ്റ്റേഷൻ തടയാൻ കർശന നടപടികളുമായി നോർക്ക. സർട്ടിഫിക്കറ്റുകളിലെ വ്യാജ അറ്റസ്റ്റേഷൻ തടയാൻ നോർക്കയ്ക്ക് ഹോളോഗ്രാമും ക്യു.ആർ. കോഡും വൈകാതെ എത്തും.നോർക്ക റൂട്ട്സിലെ ഓതന്റിക്കേഷൻ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജ അറ്റസ്റ്റേഷൻ നടത്തുന്നതും പിടികൂടിയതിനെത്തുടർന്നാണ് പുതിയ സുരക്ഷാക്രമീകരണം.
ഏപ്രിൽ 29-ന് ഇതു നിലവിൽവരുന്നതോടെ, നോർക്കയുടെ അറ്റസ്റ്റേഷന്റെ സാധുത ക്യു.ആർ. കോഡിന്റെ സഹായത്തോടെ പരിശോധിക്കാൻ കഴിയും. പുതുക്കിയ അറ്റസ്റ്റേഷൻ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷന് ഇത്തരത്തിൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു. തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഓഫീസർ സുനിൽ കെ.ബാബു, സെന്റർ മാനേജർ സഫറുള്ള, അസിസ്റ്റന്റ് മാനേജർ ജെൻസി ജോസി തുടങ്ങിയവർ പങ്കെടുത്തു.