
Report: Web Desk
വ്യാജ ജോലി വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പ്.കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് വീട്ടിലിരുന്നു ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാകുന്നു.വ്യാജ ജോലി ഓഫർ ചെയ്യുന്നവർ ഫോൺ വഴിയോ ഇമെയിൽ മുഖേനയോ ആണ് ആളുകളെ സമീപിക്കുന്നത് .പ്രമുഖ കമ്പനികളുടെ വ്യാജ ലെറ്റർഹെഡിലാകും ഓഫർ വരുക. പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലുകൾ വഴി നിങ്ങളുടെ ബയോഡാറ്റ കണ്ടിട്ടാണ് സമീപിക്കുന്നതെന്ന് അവർ അവകാശപ്പെടും. പ്രസ്തുത ബയോഡാറ്റ പ്രകാരം നിങ്ങൾക്ക് ജോലി ഓഫർ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റർവ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം. സാധാരണനിലയിൽ ഉള്ളതിനേക്കാളും കൂടുതൽ തുക ശമ്പളമായി ഓഫർ ചെയ്യും. പ്രഫഷണൽ കമ്പനിക്കാർ അവരുടെ വെബ്സൈറ്റ് വഴിയും മറ്റും കൃത്യമായ രീതിയിൽ ജോബ് ഓഫർ ലെറ്റർ അയക്കുമ്പോൾ തട്ടിപ്പുകാർ ഏതെങ്കിലും ജനറൽ മെയിൽ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫർ ലെറ്ററുകൾ അയക്കുക.
ഇത്തരം ഓഫർ ലെറ്ററുകളുടെ ഘടന പ്രഫെഷണൽ ആയിരിക്കില്ല. അക്ഷത്തെറ്റുകളും ർ, മറ്റു തെറ്റുകളും ഓഫർ ലെറ്ററിൽ കാണും. ഇതു വഴി വ്യാജന്മാരെ തിരിച്ചറിയാൻ സാധിക്കും.സ്കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാറ്റഫോം വഴി ഓൺലൈൻ ഇന്റർവ്യൂ നടത്തുകയാണ് ഇവരുടെ മറ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റർവ്യൂ നടത്തിയ ശേഷം ഒറ്റയടിക്ക് തന്നെ ജോലി ഉറപ്പ് നൽകുന്നു. ഇവർ അയച്ചുതരുന്ന മെയിലിൽ കമ്പനിയുടെ വിവരങ്ങളോ ഫോൺ നമ്പറോ തുടങ്ങിയ ബന്ധപ്പെടാനുള്ള ഒന്നും ഉണ്ടാവാറില്ല. കമ്പനിയുടെ സർവർ ഡൌൺ ആണെന്നോ സർവർ തകരാറിൽ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയിൽ സിസ്റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള ന്യായങ്ങളാകും അന്വേഷിക്കുമ്പോൾ പറയുക.
പ്രധാനമായും വർക്ക് ഫ്രം ഹോം ഓഫറുകളും ഏറ്റവും കുറഞ്ഞ മണിക്കൂറുകൾ മാത്രമുള്ള ജോലികളുമാണ് ഓഫർ ചെയ്യുന്നത്. ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങൾ ഗൂഗിളിലോ മറ്റോ സെർച്ച് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ബോധ്യപ്പെടും. കൃത്യമായ വാർത്തകളും ദൈനംദിന സോഷ്യൽ മീഡിയ അപ്ഡേറ്റുകളും ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകാരുടെ രീതികൾ നമുക്ക് മനസിലാക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു .