ജിംനേഷ്യങ്ങളും യോഗ സെന്ററുകളും ബുധനാഴ്ച മുതൽ തുറക്കാം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: മൂന്നാംഘട്ട തുറക്കലിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതൽ ജിംനേഷ്യങ്ങൾക്കും യോഗ സെന്ററുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയിൻമെന്റ് സോണുകളിൽ ഇവ തുറക്കില്ല. 65 വയസിന് മുകളിലുള്ളവർ, രോഗാവസ്ഥയിലുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ളവർ എന്നിവർ അടച്ചുപൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗസെന്ററുകളും ഉപയോഗിക്കരുത്. ഇത്തരക്കാർ തുറസ്സായ സ്ഥലങ്ങൾ ഉപയോഗിക്കണം.

കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. ദിശ അടയാളങ്ങൾ ചുമരുകളിൽ പതിപ്പിക്കുകയും ചെയ്യണം. ഫിറ്റ്നെസ് സെന്ററുകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. തിരക്ക് ഒഴിവാക്കൽ ശുചീകരണം, അണുവിമുക്തമാക്കൽ പ്രക്രിയ എന്നിവക്കാണ് ഇടവേളയെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ആളുകൾ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്കും മുഖാവരണവും ധരിക്കൽ നിർബന്ധമാണ്. വ്യായാമം ചെയ്യുന്ന ഘട്ടത്തിൽ മാസ്ക് ധരിക്കുമ്പോൾ ശ്വസന പ്രശ്നങ്ങൾക്കിടയാക്കുന്നത് തടയാൻ മുഖംമറകൾ ഉപയോഗിക്കാമെന്നും പറയുന്നു.

കൈ കഴുകൽ, സാനിറ്റൈസർ ഉപയോഗം എന്നിവ കർശനമാക്കണം.’ ശ്വസന മര്യാദകളും കർശനമായി പാലിക്കണം. തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും തുണികൊണ്ടോ ടിഷ്യൂ കൊണ്ടോ വായയും മൂക്കും മൂടുക.ഉപയോഗിച്ച ടിഷ്യൂ ശരിയായി നീക്കം ചെയ്യുക. ഫിറ്റ്നെസ് സെന്ററുകളിലെ ഉപകരണങ്ങൾ ആറടി അകലങ്ങളിലായിരിക്കണം സ്ഥാപിച്ചിരിക്കേണ്ടത്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൃത്യസമയങ്ങളിൽ അണുവിമുക്ത പ്രക്രിയകൾ നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രോഗ ലക്ഷണങ്ങളില്ലാത്ത ആളുകളേ മാത്രമേ പ്രവേശിപ്പിക്കാവൂ, താപ പരിശോധന നടത്തണം. വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു. ആരോഗ്യ സേതു ഉപയോഗിക്കാനും ശുപാർശ ചെയ്യുന്നു.

error: Content is protected !!